രാജ്യത്ത് ക്രൈസ്തവ പീഡനമില്ലന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

 

രാജ്യത്തെ ചില മേഖലകളില്‍ ക്രൈസ്തവ പീഡനം നടക്കുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രിം കോടതിയില്‍ വ്യാജ വാര്‍ത്തകള്‍ ഉള്‍പ്പടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. വിദേശത്തുനിന്ന് സഹായം ലഭിക്കുന്നതിനാകാം ഇത്തരം ആരോപണവുമായി സുപ്രീംകോടതിയെ സമീപിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നു.

 

രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ തടയാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് ഡോ. പീറ്റര്‍ മച്ചാഡോ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്.

ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന ആക്രമണങ്ങളില്‍ പലതും വര്‍ഗീയമായ ആക്രമണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. വ്യക്തിപരമായ തര്‍ക്കങ്ങള്‍ പോലും വര്‍ഗീയ സംഘര്‍ഷമായാണ് ഹര്‍ജിയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വിദേശ ശക്തികള്‍ക്ക് ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാന്‍ അവസരം ഒരുക്കുന്നതിനാകാം ഹര്‍ജിയെന്നും കേന്ദ്രം സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി ഇന്ന് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ സത്യവാങ്മൂലം പരിഗണിച്ച് കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഓഗസ്റ്റ് 26-ലേക്ക് മാറ്റി.