രാജ്യത്തിന്റെ ആസ്തികൾ മോദിയുടെയോ ബി.ജെ.പിയുടെയോ സ്വത്ത് അല്ല: മമത ബാനർജി

കേന്ദ്ര സർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിപ്രകാരം വിറ്റഴിക്കുന്ന ആസ്തികൾ പ്രധാനമന്ത്രി മോദിയുടെയോ ബിജെപിയുടെ സ്വത്ത് അല്ല എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തിന്റെ സ്വത്ത് വിൽക്കാനുള്ള തന്ത്രമാണിതെന്ന് അവകാശപ്പെട്ട മമതാ ബാനർജി ദേശീയ ധനസമാഹരണ നയത്തിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.

രാജ്യത്തിന്റെ സ്വത്തുക്കൾ വിറ്റ് സമാഹരിക്കുന്ന പണം തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ ബി.ജെ.പി ഉപയോഗിക്കുമെന്ന് മമത ബാനർജി ആരോപിച്ചു. ദേശീയ ധനസമാഹരണ പദ്ധതി (എൻ‌എം‌പി)യെ ഞെട്ടിക്കുന്നതും നിർഭാഗ്യകരവുമായ തീരുമാനമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ വിശേഷിപ്പിച്ചു.

രാജ്യം മുഴുവൻ ഒരുമിച്ച് നിൽക്കുകയും ഈ “ജനവിരുദ്ധ” തീരുമാനത്തെ എതിർക്കുകയും ചെയ്യും എന്ന് മമതാ ബാനർജി പറഞ്ഞു. “ബിജെപി ലജ്ജിക്കണം. നമ്മുടെ രാജ്യത്തിന്റെ സ്വത്ത് വിൽക്കാനുള്ള അവകാശം ആരും അവർക്ക് നൽകിയിട്ടില്ല, ” മമതാ ബാനർജി പറഞ്ഞു.