'ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കണം, യുവനേതൃത്വം വരണം', നിര്‍ദ്ദേശങ്ങളുമായി തരൂര്‍

കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ദ്ദേശങ്ങളുമായി ശശി തരൂര്‍ എം.പി. കോണ്‍ഗ്രസില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കാനും ആഭ്യന്തരകലഹങ്ങള്‍ പരിഹരിക്കാനും പാര്‍ട്ടി നേതൃത്വം നടപടികള്‍ സ്വീകരിക്കണം. നേതൃതലത്തിലേക്ക് പുതുമുഖങ്ങളേയും യുവാക്കളേയും എത്തിച്ച് മാറ്റം വരുത്തണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. മാതൃഭൂമിയില്‍ ‘വെല്ലുവിളി ഏറ്റെടുക്കണം’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തിലാണ് ശശി തരൂര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗത്വം ഉള്‍പ്പെടെ എല്ലാ പ്രധാന സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണം. തീരുമാനങ്ങള്‍ പാര്‍ട്ടിയിലെ അനുകൂലിക്കുന്നവരുടെ മാത്രമല്ല, എല്ലാ പ്രമുഖരുടെയും അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടു വേണം നടപ്പാക്കാന്‍. പുതിയ നേതാക്കള്‍ക്ക് കടന്നുവരാന്‍ അവസരം ഒരുക്കണം. അടിസ്ഥാനഘടകം മുതല്‍ ദേശീയതലം വരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിച്ച് കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ട്.

ദേശീയതയുടെ കുത്തക തങ്ങള്‍ക്കാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി. നടത്തുന്ന ശ്രമങ്ങെള്‍ കോണ്‍ഗ്രസ് പ്രതിരോധിക്കണം. ദേശീയതാത്പര്യം സംരക്ഷിക്കുന്നതില്‍ ഏറ്റവുമധികം അനുഭവസമ്പത്തുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.

ഭരണം ദുരുപയോഗംചെയ്ത് രാഷ്ട്രരക്ഷകരായി ചമയാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ തിരഞ്ഞെടുപ്പ് നേരിടാനുള്ള യന്ത്രം മാത്രമായി കോണ്‍ഗ്രസ് മാറരുത്. തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. സര്‍ക്കാരുമായും പൊലീസുമായും ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കന്മാരുമായും ഇടപെടേണ്ടിവരുന്ന സാധാരണക്കാര്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകണം.

അര്‍ഹരായവര്‍ക്ക് ബി.പി.എല്‍. കാര്‍ഡ് കിട്ടാനും പെന്‍ഷന്‍ ലഭ്യമാക്കാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. ഗ്രാമീണ ഇന്ത്യയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കോണ്‍ഗ്രസിന് കഴിയണം.