'പറഞ്ഞു ശീലിച്ച പൊള്ളത്തരങ്ങളില്‍ ഒന്ന് മാത്രമാണോ നിങ്ങളുടെ പാര്‍ട്ടി ഭരണഘടന?' സ്ഥാപക ദിനത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് തരൂര്‍

പാര്‍ട്ടി സ്ഥാപക ദിനത്തില്‍ ബി.ജെപി.യെ പരിഹസിച്ച് ശശി തരൂര്‍ എംപി. നിങ്ങള്‍ പറഞ്ഞു ശീലിച്ച പൊള്ളത്തരങ്ങളില്‍ ഒന്ന് മാത്രമാണോ നിങ്ങളുടെ പാര്‍ട്ടിയുടെ ഭരണഘടന എന്നാണ് തരൂര്‍ ചോദിച്ചത്. ഫെയ്‌സബുക്കില്‍ ബിജെപിയുടെ ഭരണഘടനയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ചുകൊണ്ടാണ് തരൂരിന്റെ പ്രതികരണം.

42 തികയുന്ന ബി.ജെ.പിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്.

‘നിങ്ങളുടെ സ്വന്തം ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതല്ലേ പറ്റിയ സമയം? നിങ്ങളുടെ ഭരണഘടനയുടെ ആദ്യ പേജില്‍ പറഞ്ഞതൊന്നും നിങ്ങള്‍ ഇന്ന് വിശ്വസിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. അതോ നിങ്ങള്‍ പറഞ്ഞു ശീലിച്ച ജൂംലകളില്‍ ഒന്ന് മാത്രമാണോ നിങ്ങളുടെ ഈ ഭരണഘടന?’, തരൂര്‍ കുറിച്ചു.

ബി.ജെ.പിയുടെ ഭരണഘടനയുടെ ആദ്യത്തെ പേജിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയെ ആധുനികവും പുരോഗമനപരവും പ്രബുദ്ധവുമായ സമ്പന്നവുമായ രാഷ്ട്രമാക്കി മാറ്റാന്‍ പ്രതിജ്ഞയെടുക്കുന്നുവെന്നും, ലോകസമാധാനത്തിന്റെയും നീതിയുക്തമായ അന്താരാഷ്ട്ര ക്രമത്തിന്റെയും അനുസൃതമായി ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നുണ്ട്.

ജാതിമത ലിംഗ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക നീതിയും, അവസര സമത്വവും, സ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഒരു ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും ആദ്യ ഭാഗത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.