'അവസാന നിമിഷത്തെ ഇടപെടലിന് നന്ദി,':ജയിലില്‍ കിടക്കാതെ രക്ഷിച്ചതിന് സഹോദരനോടു കടപ്പാട് അറിയിച്ച് അനില്‍ അംബാനി

അവസാന നിമിഷത്തെ ഇടപെടലിന് നന്ദി. സ്വീഡിഷ് ടെലികോം കമ്പനിയായഎറിക്‌സണ് 458.77 കോടി രൂപ നല്‍കാനാവാതെ നിന്നപ്പോള്‍ താങ്ങായി നിന്ന മുകേഷ് അംബാനിക്ക് സഹോദരന്‍ അനില്‍ അംബാനിയുടെ നന്ദി.

കടക്കെണിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ 458 കോടി രൂപ എറിക്‌സണ് നല്‍കാനുള്ള സുപ്രീം കോടതി വിധിയുടെ അന്തിമ ദിവസമായിരുന്നു ഇന്നലെ. നാലു മാസത്തിനുള്ളില്‍ ബാധ്യത തീര്‍ക്കണമെന്ന് നേരത്തെ കോടതി വിധിച്ചിരുന്നു. “സമയത്ത് സഹായഹസ്തവുമായെത്തിയ മൂത്ത സഹോദരനും ചേട്ടത്തിയമ്മ നിതയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.”-പണം ഒടുക്കി ജയില്‍ ശിക്ഷയില്‍ നിന്ന് ഒഴിവായ അനില്‍ അംബാനി പത്രക്കുറിപ്പില്‍ പറഞ്ഞു.

റഫാല്‍ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് 30000 കോടി രൂപുയുടെ ആനുകൂല്യമാണ് അനില്‍ അംബാനിയുടെ കമ്പനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് നല്‍കിയതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ നിരന്തരം ആരോപണം ഉന്നയിച്ചു വരുകയാണ്. ഇക്കാര്യത്തില്‍ മോദിയോ അനില്‍ അംബാനിയോ പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കൂനിന്‍മേല്‍ കുരുപോലെ കോടതി വിധി വന്നത്.

550 കോടി രൂപ മുകേഷ് അംബാനി സഹോദരന്റെ ബാധ്യത തീര്‍ക്കാന്‍ നല്‍കിയതായിട്ടാണ് വിവരം.
പിതാവ് ധീരുഭായ് അംബാനിന 2002 ല്‍ അന്തരിച്ചതോടെയാണ് ഇരുസഹോദരങ്ങള്‍ക്കുമിടയില്‍ വന്‍ കുടുംബപ്രശ്‌നങ്ങളുണ്ടാകുന്നത്. പിന്നീട് വ്യവസായങ്ങളില്‍ ഓയില്‍ -പെട്രോകെമിക്കല്‍ സംബന്ധമായവ മുകേഷും ഊര്‍ജ്ജ-ടെലികോം മേഖലകള്‍ അനിലും ഏറ്റെടുത്തു.പിന്നീടും ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ കെട്ടടങ്ങിയില്ല. 2017 ല്‍ കടം കയറിയ ജിയോ അനിലില്‍ നിന്ന് 23000 കോടിക്ക് വാങ്ങാന്‍ മുകേഷ് അംബാനിയുടെ ജിയോ ധാരണയുണ്ടാക്കിയിരുന്നുവെങ്കിലും എറിക്‌സണുമായുള്ള ഇടപാട് കോടതി കയറിയതിനാല്‍ അത് തടസപ്പെടുകയായിരുന്നു. പിന്നീട് മുകേഷിന്റെ മക്കളുടെ കല്യാണത്തിന് അനിലും കുടുംബവും ആദ്യാവസാനം പങ്കെടുത്തിരുന്നു.