ജെയ്റ്റ്‌ലിക്ക് രാഹുലിന്റെ പരിഹാസ ട്വീറ്റ്; മോഡിയെ കുറിച്ചുള്ള ആ സത്യം വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ദേശസ്നേഹത്തെ നരേന്ദ്ര മോഡി ചോദ്യം ചെയ്തിട്ടില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉദ്ദേശിക്കുന്നത് പറയാത്തതും പറയാത്തത് ഉദ്ദേശിക്കുകയും ചെയ്യുന്നയാളാണു നമ്മുടെ പ്രധാനമന്ത്രിയെന്ന് ഇന്ത്യയെ ഓര്‍മിപ്പിച്ചതിനു നന്ദിയുണ്ടെന്നാണു രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചത്. വിവാദത്തെത്തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരു സഭകളും നിരന്തരം ബഹളത്തില്‍ മുങ്ങുന്ന സാഹചര്യത്തില്‍ ബുധനാഴ്ച രാജ്യസഭയിലായിരുന്നു അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കിയത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയോ മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെയോ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യാനോ അവരെ അപകീര്‍ത്തിപ്പെടുത്താനോ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ഉദ്ദേശിച്ചിട്ടില്ല എന്നായിരുന്നു ജെയ്റ്റ്ലിയുെട വിശദീകരണം. ഇതിനെ പരിഹസിച്ചാണ് രാഹുലിന്റെ ട്വീറ്റ്.

“പ്രിയപ്പെട്ട മിസ്റ്റര്‍ ജെയ്റ്റ്ലി, നമ്മുടെ പ്രധാനമന്ത്രി ഉദ്ദേശിക്കുന്നതല്ല പറയുന്നതെന്നും പറയുന്നതല്ല ഉദ്ദേശിക്കുന്നതെന്നും ഇന്ത്യയെ ഓര്‍മ്മിപ്പിച്ചതിന് നന്ദി.”ഇങ്ങനെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. ബിജെപി കള്ളം പറയുന്നു എന്ന ഹാഷ് ടാഗും ട്വീറ്റിലുണ്ട്. മാത്രമല്ല, കോണ്‍ഗ്രസ്സിനെതിരെ പാകിസ്താന്‍ ബന്ധം ആരോപിക്കുന്ന മോദിയുടെ പ്രസംഗത്തിന്റെയും ജെയ്റ്റ്ലിയുടെ രാജ്യസഭയിലെ വിശദീകരണപ്രസംഗത്തിന്റെയും വീഡിയോകളും ഇതോടൊപ്പം രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രിയുടെയും മുന്‍ ഉപരാഷ്ട്രപതിയുടെയും രാജ്യസ്‌നേഹം ചോദ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി  മാപ്പുപറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റ് ബഹളമയമായിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചാരണത്തിലാണ് മന്‍മോഹന്‍ സിംഗിനു പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന തരത്തില്‍ പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ പാക് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും മോഡി പറഞ്ഞിരുന്നു.