അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനുളള കല്ലുകളൊരുക്കി വിശ്വഹിന്ദു പരിഷത്ത്

അയോദ്ധ്യ ഭൂമിതര്‍ക്ക കേസിന്റെ വാദം കോടതിയില്‍ നടന്നു കൊണ്ടിരിക്കെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള കല്ലുകളൊരുക്കി വിശ്വഹിന്ദു പരിഷത്ത്. കര്‍സേവകപുരത്താണ് കല്ലുകള്‍ തയ്യാറക്കി കൊണ്ടിരിക്കുന്നത്.

നിലവില്‍ കൊല്ലങ്ങളായി പൊടി പിടിച്ചു കിടക്കുന്ന കല്ലുകള്‍ വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. കല്ലുകള്‍ കൊത്തിയൊരുക്കുന്നതില്‍ പ്രാവീണ്യമുള്ള ജോലിക്കാരെ രാജസ്ഥാനില്‍ നിന്ന് എത്തിക്കുമെന്ന് വി.എച്ച്.പി വക്താവ് ശരത് ശര്‍മ്മ അറിയിച്ചു. രാമക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മ്മാണത്തിനുള്ള കല്ലുകളുടെ 70 ശതമാനം ജോലികള്‍ പൂര്‍ത്തിയാക്കിയതായും ശര്‍മ്മ പറഞ്ഞു.

നവംബര്‍ മാസത്തോടെ സുപ്രീം കോടതിയിലെ വാദം തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ രാമക്ഷേത്രം പണിയാനുള്ള വഴിയൊരുങ്ങുമെന്ന് കരുതുന്നു.അതുകൊണ്ട് കല്ലുകള്‍ ശരിയാക്കുന്നതിനുള്ള പണികള്‍ വളരെ വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന്‌ റാം ജന്മഭൂമി ന്യാസ് തലവന്‍ മഹാമന്ത് നൃത്യ ഗോപാല്‍ ദാസ് പറഞ്ഞു.