വനിതാ ഡോക്ടറുടെ കൊലപാതകം: സ്ത്രീകളെ ഉപദേശിച്ച് തെലങ്കാന പൊലീസിന്റെ സര്‍ക്കുലര്‍; പ്രതിഷേധം

ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ പിന്നാലെ വിവാദമായി തെലങ്കാന പൊലീസിന്റെ സര്‍ക്കുലര്‍. സ്ത്രീകളെ മാത്രം ഉപദേശിച്ചു കൊണ്ടുള്ള സര്‍ക്കുലറാണ് പുറത്തിറക്കിയത്.

സ്ത്രീകളും പെണ്‍കുട്ടികളും യാത്രാവിവരങ്ങള്‍ നിര്‍ബന്ധമായും വീട്ടുകാരെ അറിയിക്കുക, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നില്‍ക്കാതിരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിലുളളത്. ഹൈദരാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തെലങ്കാന പൊലീസ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായി. നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും കനത്ത പ്രതിഷേധമാണ് തെലങ്കാന പൊലീസിന്റെ സര്‍ക്കുലറിനെതിരെ ഉയരുന്നത്.

സ്ത്രീകളെ ഉപദേശിക്കുകയല്ലാതെ പുരുഷന്‍മാര്‍ക്കായി നിര്‍ദേശങ്ങളില്ലാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് ഏവരും ഉയര്‍ത്തുന്നത്. അതേസമയം ഹൈദരാബാദില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കി. പത്ത് ദിവസത്തെ കസ്റ്റഡിയില്‍ നാല് പ്രതികളെയും വിട്ടു കിട്ടണമെന്നാണ് ആവശ്യം. നിലവില്‍ 14 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ് പ്രതികളുളളത്.