ആധാറുമായി ബന്ധിപ്പിച്ചില്ല, ആധാര്‍ പദ്ധതി ഡയറക്ടറുടെ സിം കണക്ഷന്‍ വിഛേദിച്ചു

ആധാറുമായി മൊബൈല്‍ സിം കാര്‍ഡ് ബന്ധിപ്പിക്കാത്തിനെത്തുടര്‍ന്ന് യുഐഡിഎഐ ഡയറക്ടറുടെ ഫോണ്‍ കണക്ഷന്‍ താത്ക്കാലികമായി വിഛേദിച്ചു. കര്‍ണാടകയിലെ ആധാര്‍ പദ്ധതി ഡയറ്കടറായ എച്ച് എല്‍ പ്രഭാകറിന്റെ ഫോണ്‍ കണക്ഷനാണ് ഫോണ്‍ കമ്പനി വിഛേദിച്ചത്.സിം കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന യുഐഡിഎഐയുടെ നിരന്തര ഓര്‍മ്മപ്പെടുത്തലിനിടയിലാണ് യുഐഡിഎഐ ഉദ്യോഗസ്ഥന് കണക്ഷന്‍ നഷ്ടപ്പെട്ടത്.

ഒറ്റത്തവണ ഒടിപി ഉപയോഗിച്ച് താന്‍ സിം ആധാറുമായി ബന്ധിപ്പിച്ചിരുന്നെന്നും എന്നാല്‍ ടെലകോം ഓപ്പറേറ്റര്‍ വിരലടയാളം നിര്‍ബന്ധമായി ആവശ്യപ്പെട്ടതാണ് സംഭവത്തിനിടയാക്കിയതെന്നും പ്രഭാതര്‍ പറഞ്ഞു. കസ്റ്റമര്‍ കെയറില്‍ അന്വേഷിച്ചപ്പോള്‍ തന്റെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നാണ് കമ്പനി പ്രഭാകറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

‘ഇത് പരിഹസാത്മകമാണ്. ഞാനെന്തിനാണ് എന്റെ ഐഡന്റിറ്റി ഇനിയും അവര്‍ക്ക് മുന്നില്‍ തെളിയിക്കുന്നത്. ഞാന്‍ ആധാര്‍ വെരിഫിക്കേഷനിലൂടെ കടന്നു പോയതാണ്. മാത്രമല്ല സിം കണക്ഷന്‍ എടുക്കുമ്പോള്‍ എല്ലാ വിധ രേഖകളും ഞാന്‍ ഹാജരാക്കിയിരുന്നു. ഞാന്‍ നേതൃത്വം വഹിക്കുന്ന വിഭാഗമാണ് ആളുകള്‍ക്കും ഫോണ്‍ കമ്പനിക്കും ആധാര്‍ ഐഡി കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. എന്നിട്ടവര്‍ എന്നെ വിഢ്ഢിയാക്കുന്നു’, പ്രഭാകര്‍ ആരോപിക്കുന്നു.