ജെയ്റ്റ്ലി മാത്രമല്ല, ഇവരാണ് ടീം ബജറ്റ്, ബജറ്റ് തയാറാക്കുന്ന മറ്റു ആറ് പ്രമുഖർ ആരൊക്കെ ?

ഫെബ്രുവരി ഒന്നിന് എല്ലാ കണ്ണുകളും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ മേലായിരിക്കും. ജി എസ് ടി നടപ്പാക്കിയതിനു ശേഷമുള്ള ആദ്യ ബജറ്റ്, എന്നതിന് പുറമെ അടുത്ത തെരഞ്ഞെടുപ്പിന് മുൻപുള്ള എൻ. ഡി എ സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് തുടങ്ങി നിരവധി പ്രത്യേകതകൾ ഈ ബജറ്റിനുണ്ട്. അതുകൊണ്ട് വാനോളം ഉയരുന്ന പ്രതീക്ഷകളും, ഒപ്പം സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആശങ്കകളും ഈ ബജറ്റ് പങ്കുവയ്ക്കുന്നു.

ബജറ്റ് എന്ന് പറയുമ്പോൾ ധനമന്ത്രി പാർലമെന്റിൽ പ്രസംഗിക്കുന്ന ചിത്രമാണ് മനസ്സിൽ ആദ്യം ഓടിയെത്തുക. എന്നാൽ ഇത് തയാറാക്കുന്നതിന് പിന്നിൽ നിരവധി പേരുടെ, മാസങ്ങൾ നീളുന്ന അധ്വാനമുണ്ട്. അതീവ രഹസ്യ രേഖയായതിനാൽ മുതിർന്ന ഉദ്യോഗസ്ഥർ പോലും വീട്ടിൽ പോകാതെയാണ് ഇതിൽ പങ്കാളിയാകുന്നത്. ധനമന്ത്രി പ്രസംഗിക്കുന്നത് ബജറ്റിന്റെ ഒരു ഭാഗം മാത്രമാണ്. ബജറ്റ് പ്രസംഗം [Budget Speech] എന്നാണ് ഇതിനെ പറയുന്നത്. ഇതിനു പുറമെ എക്സ്പ്ലനേറ്ററി മെമ്മോറാണ്ടം, ഫിനാൻസ് ബിൽ എന്നിവ കൂടി ഉൾപ്പെടുന്നതാണ് ബജറ്റ്. അവതരിപ്പിക്കുന്നത് ഫെബ്രുവരി ഒന്നിനാണെങ്കിലും ഈ രേഖകളുടെ രഹസ്യമായ അച്ചടി ജോലികൾ ജനുവരി 20 നു തുടങ്ങി. പ്രിന്റിങ് ജോലികളിൽ പങ്കാളികളാകുന്ന ജീവനക്കാർ ഫെബ്രുവരി ഒന്നിന് മാത്രമേ പുറത്തുപോകൂ. ഇനി അടുത്ത ബജറ്റിന്റെ അണിയറ ശിൽപികൾ ആരൊക്കെയെന്ന് നോക്കാം.

അരവിന്ദ് സുബ്രമണ്യം – കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ ഇദ്ദേഹം ബജറ്റ് തയാറാക്കുന്നതിൽ മുഖ്യ പങ്കാളിത്തം വഹിക്കുന്നു. 2014ൽ എൻ. ഡി എ അധികാരത്തിൽ വന്നത് മുതൽ ഇദ്ദേഹം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാണ്.

ഹസ്മുഖ് ആദിയ – കേന്ദ്ര ധനകാര്യ സെക്രട്ടറി എന്ന നിലയിൽ ഇദ്ദേഹത്തെ ബജറ്റ് ടീമിന്റെ ക്യാപ്റ്റൻ എന്ന് വിളിക്കാം. 1981ലെ ഗുജറാത്ത് കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

ശിവപ്രസാദ് ശുക്ല – കേന്ദ്ര ധനവകുപ്പ് സഹമന്ത്രി എന്ന നിലയിൽ ഇദ്ദേഹം ബജറ്റ് തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.

അജയ് നാരായൺ ജാ – കേന്ദ്ര ധനമന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പ് സെക്രട്ടറി. 1982 ബാച്ചിലെ മണിപ്പൂർ കേഡർ ഐ എ എസ് ഉദ്യോഗസ്ഥൻ.

രാജീവ്കുമാർ – 1984 ബാച്ചിലെ ജാർഖണ്ഡ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹമാണ് ഫിനാൻഷ്യൽ സർവീസസ്‌ വകുപ്പിന്റെ സെക്രട്ടറി.

സുഭാഷ് ചന്ദ്ര ഗാർഗ് – ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. രാജസ്ഥാൻ കേഡറിൽ പെട്ട ഇദ്ദേഹം 1984 ലാണ് സിവിൽ സർവീസിൽ പ്രവേശിക്കുന്നത്.

Read more

[ബജറ്റിന്റെ അച്ചടി ജോലികൾ ധനമന്ത്രി അരുൺ ജെയ്‌റ്റിലി ഉദ്‌ഘാടനം ചെയ്യുന്നതാണ് ചിത്രം.]