മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഉരുളക്കിഴങ്ങേറ്; പതിനായിരം പേരുടെ ഫോണ്‍കോള്‍ പരിശോധിച്ച് യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് നേരെ കര്‍ഷകര്‍ ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ ലക്‌നൗ പോലീസ് പതിനായിരക്കണക്കിനാളുകളുടെ ഫോണ്‍ കോള്‍ റെക്കോര്‍ഡ് പരിശോധിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
.ഒരു കേസിന് തെളിവ് ശേഖരിക്കാന്‍ ഇത്രയധികം പേരുടെ ഫോണ്‍കോള്‍ പരിശോധിക്കുന്നത് ആദ്യത്തെ സംഭവമാണ്.

താങ്ങുവില നാലു രൂപയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ഉരുളക്കിഴങ്ങ് ഉപേക്ഷിച്ചത്. സുരക്ഷാ ചുമതലയില്‍ വീഴ്ച വരുത്തിയ പോലീസ്‌കാര്‍ക്ക് ഈ സംഭവത്തെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചത് കൂടാതെ 10000 പേരുടെ ഫോണ്‍കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ചതായി സിറ്റിക്രൈം ബ്രാഞ്ച് സംഗം അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഉരുളക്കിഴങ്ങുമായി എത്തിയ വാഹനങ്ങളുടെ നമ്പര്‍ ശേഖരിച്ചിട്ടുണ്ട്.

Read more

സമാജ് വാദി പാര്‍ട്ടിയിലെ അംഗങ്ങളായ രണ്ടു പേരെയാണ് ഉരുളക്കിഴങ്ങ് എറിഞ്ഞ സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കര്‍ഷകരെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്ത് കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നു. ബിജെപി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി എത്രരൂപ ഇത് വരെ ചിലവാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.