കടം വാങ്ങിയ ആയിരം രൂപ തിരികെ നല്‍കാന്‍ കഴിഞ്ഞില്ല; അഞ്ചുവര്‍ഷം അടിമജീവിതം; ഒടുവില്‍ തഹസില്‍ദാരുടെ ഇടപെടലില്‍ കാശിക്ക് മോചനം

വായ്പ വാങ്ങിയ ആയിരം രൂപ തിരികെ നല്‍കാനാകാതെ അടിമപ്പണി ചെയ്യേണ്ടി വന്ന കാശിക്ക് ഒടുവില്‍ മോചനം. തമിഴ്‌നാട്ടിലാണ് സംഭവം. നടരാജ് എന്നയാളില്‍ നിന്നാണ് കാശി പണം കടം വാങ്ങിയത്. എന്നാല്‍ ഈ തുക തിരികെ നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഇദ്ദേഹത്തോട് തന്റെ ഉടമസ്ഥതയിലുള്ള മരം മുറിക്കുന്ന സ്ഥലത്ത് ജോലിക്ക് വരാന്‍ നടരാജ് ആവശ്യപ്പെടുകയായിരുന്നു. അഞ്ച് വര്‍ഷമായി ഇവിടെ നിര്‍ബന്ധിത തൊഴില്‍ അനുഷ്ഠിച്ചു വന്ന കാശിക്ക് ബുധനാഴ്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥസംഘം എത്തിയത് വലിയ ആശ്വാസമായി. തഹസില്‍ദാരുടെ കാല്‍ക്കല്‍ വീണ് നന്ദിയറിയിക്കുന്ന ചിത്രം വേദനിപ്പിക്കുന്ന കാഴ്ച കൂടിയായി.

ഇത്തരത്തില്‍ നിസ്സാര തുക വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയവരെ തമിഴ്നാട്ടില്‍ വര്‍ഷങ്ങളോളം നിര്‍ബന്ധിത തൊഴിലെടുപ്പിച്ചതായും കണ്ടെത്തി. ദുരിതത്തില്‍ കഴിഞ്ഞ 42 കരാര്‍ തൊഴിലാളികളെയും തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രക്ഷിച്ചു.

കാഞ്ചിപുരത്തെ മരം മുറിക്കുന്ന കേന്ദ്രത്തില്‍ 28 പേരാണ് ഇത്തരത്തില്‍ ഉണ്ടായിരുന്നത്. വെല്ലൂരില്‍ 14 പേരും ഉണ്ടായിരുന്നു. 42 പേരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംഘം രക്ഷിച്ചു. കാഞ്ചിപുരം സബ് കളക്ടര്‍ എ. ശരവണന്‍, റാണിപതിലെ സബ് കളക്ടര്‍ ഇളംബഹവത് എന്നിവര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഈ കാര്യം പുറത്തറിഞ്ഞത്.

രാവിലെ 9.30 യോടെ രണ്ട് സംഘങ്ങളായി ഈ മരംമുറി കേന്ദ്രത്തിലെത്തിയ ഉദ്യോഗസ്ഥര്‍ ഇവിടെയുണ്ടായിരുന്ന ഓരോ തൊഴിലാളിയെയും ചോദ്യം ചെയ്തു. നടരാജ് എന്ന പേരായ ഒരാളുടെയും ഇയാളുടെ ബന്ധുക്കളുടെയും പക്കല്‍ നിന്ന് നിസ്സാര തുകകള്‍ വായ്പയായി വാങ്ങിയ സാധാരണക്കാരാണ് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടത്. പണം തിരിച്ച് നല്‍കാന്‍ സാധിക്കാത്തവരെ അഞ്ച് വര്‍ഷത്തേക്കാണ് ഇവിടെ പണിയെടുക്കാന്‍ നിര്‍ബന്ധിച്ചത്. ഇവര്‍ 30,000 രൂപ വരെ തിരികെ നല്‍കാനുണ്ടെന്നാണ് തൊഴിലുടമകളുട മൊഴി.

എന്നാല്‍ തങ്ങള്‍ക്ക് തടവറയ്ക്ക് സമാനമായ അനുഭവമാണ് ഇവിടെയുണ്ടായിരുന്നതെന്നാണ് തൊഴിലാളികളുടെ മൊഴി. സ്വന്തം ഗ്രാമത്തിലേക്ക് പോകാന്‍ അനുവദിച്ചില്ലെന്നും, ഗര്‍ഭിണിയെ ആശുപത്രിയില്‍ പോകാന്‍ അനുവദിച്ചില്ലെന്നും കാട്ടിനകത്ത് പ്രസവിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമടക്കം ഗുരുതരമായ ആരോപണങ്ങളാണ് തൊഴിലുടമയ്ക്ക് എതിരെ തൊഴിലാളികള്‍ ഉന്നയിച്ചത്. ജോലിക്ക് കൂലി നല്‍കാറില്ലെന്നും പരാതി ഉയര്‍ന്നു.

വിശക്കുന്നുവെന്നും അരി വാങ്ങാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടപ്പോള്‍ തൊഴിലുടമയായ നടരാജ് കുറച്ച് മരമെടുത്ത് ചവച്ച് തിന്നാന്‍ പറഞ്ഞതായും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലുടമയെയും തൊഴിലാളികളെയും റവന്യു ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ശേഷം തൊഴിലാളികളുടെ കടം അടച്ചു തീര്‍ന്നതായുള്ള പത്രിക തൊഴിലുടമയെ കൊണ്ട് എഴുതി നല്‍കിച്ച് 42 പേരെയും സ്വതന്ത്രരാക്കി.