ഇന്നാണ് ആ ദിനം, വോട്ട് ചെയ്യണം, അതിനു കാരണമുണ്ട്; ശ്രുതി ഹാസന്‍

തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം പുരോഗമിക്കവെ വോട്ടവകാശം വിനിയോഗിച്ച് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യത്തിന്‍റെ അധ്യക്ഷനുമായ കമല്‍ഹാസനും മകള്‍ ശ്രുതി ഹാസനും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. രാവിലെ 8 മണിക്ക് തന്നെ അച്ഛനും മകളും ചെന്നൈയിലെ പോളിംഗ് ബൂത്തിലെ ക്യൂവില്‍ നില്‍ക്കുന്നുണ്ടായിരുന്നു. “”ഇന്നാണ് ആ ദിവസം, വോട്ട് ചെയ്യണം, അതിന് കാരണമുണ്ട്”” രാജ്യത്തെ പ്രക്ഷുബ്ധമായ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ശ്രുതി ഹാസന്‍ ട്വീറ്റ് ചെയ്തു.

ചെന്നൈയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം രജനീകാന്തും ആളുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്നാണ് തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ്. കമല്‍ഹാസന്റെ പുതിയ പാര്‍ട്ടി മക്കള്‍ നീതി മയ്യവും ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. 39 ലോക്‌സഭ സീറ്റിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സീറ്റുകളിലും എം.എന്‍.എമ്മിന്റെ സ്ഥാനാര്‍ത്ഥികളുണ്ട്.

ഡി.എം.കെ നേതാവ് കരുണാനിധി, എ.ഐ.എ.ഡി.എം.കെ. നേതാവ് ജെ ജയലളിത എന്നിവരുടെ മരണശേഷം തമിഴ്‌നാട്ടില്‍ നടക്കുന്ന ആദ്യ പ്രധാന തിരഞ്ഞെടുപ്പാണ് ഇത്.