ഹിന്ദിയെ പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം; പ്രധാനമന്ത്രിയെ വേദിയിലിരുത്തി എം. കെ സ്റ്റാലിന്‍

ഹിന്ദിയെ പോലെ തന്നെ തമിഴിനെയും ഒൗദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തമിഴ്‌നാട്ടിലെത്തിയ നരേന്ദ്രമോദിയെ വേദിയിലിരുത്തിക്കൊണ്ടാണ് സ്റ്റാലിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു. ഹിന്ദിക്കൊപ്പം തമിഴിനും പ്രാധാന്യം ലഭിക്കണം. തമിഴിനെ മദ്രാസ് ഹൈക്കോടതിയുടെ വ്യവഹാര ഭാഷയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നീറ്റ് പരീക്ഷയില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കണം. ഇത് സംബന്ധിച്ച് തമിഴ്നാട് നിയമസഭ ബില്‍ പാസാക്കിയതാണ്. പക്ഷെ ഗവര്‍ണര്‍ ആര്‍ എന്‍ രവി ഇതുവരെ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടില്ല. ബില്‍ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സര്‍ക്കാരിന് തന്നെ തിരിച്ചയക്കുകയായിരുന്നു. എന്നാല്‍, തമിഴ്നാട് നിയമസഭ ഏകകണ്ഠേന വീണ്ടും ബില്‍ പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

വന്‍ തോതില്‍ പണം ചെലവാക്കി പരിശീലന കേന്ദ്രത്തില്‍ പോയി പഠിക്കുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ നീറ്റ് പരീക്ഷ എഴുതാന്‍ കഴിയുന്നത്. ഇത് പാവപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഗവര്‍ണര്‍ ബില്‍ ഉടന്‍ കേന്ദ്രത്തിന് അയക്കുമെന്നാണ് കരുതുന്നത്. വിഷയത്തില്‍ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷേിക്കുന്നുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തമിഴ് അനശ്വര ഭാഷയാണ്. തമിഴ് സംസ്‌കാരം ആഗോള സംസ്‌കാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും വേദിയില്‍ സംസാരിച്ചു. സംസ്ഥാനത്ത് 31,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്.