ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന എഞ്ചിന്‍ വികസിപ്പിച്ചു; പത്ത് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമെന്ന് കോയമ്പത്തൂര്‍ സ്വദേശി

ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു പരിസ്ഥിതി സൗഹൃദ എഞ്ചിന്‍ വികസിപ്പിച്ചതായി കോയമ്പത്തൂര്‍ സ്വദേശിയുടെ അവകാശവാദം. മെക്കാനിക്കല്‍ എഞ്ചിനിയറായ എസ്.കുമാരസ്വാമിയാണ് യന്ത്രം വികസിപ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പത്തുവര്‍ഷം കൊണ്ടാണ് താനിത് വികസിപ്പിച്ചതെന്ന്, കുമാരസ്വാമി എ.എന്‍.ഐ.വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലോകത്ത് തന്നെ ഇത്തരമൊരു കണ്ടുപിടുത്തം ആദ്യത്തേതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഏതാനും ദിവസങ്ങള്‍ക്കകം യന്ത്രം ജപ്പാനില്‍ അവതരിപ്പിക്കുമെന്ന് കുമാരസ്വാമി അറിയിച്ചു. ഇന്ത്യയിലും അധികം വൈകാതെ ഇത് അവതപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യയില്‍ ഇത് അവതരിപ്പിക്കുക എന്നത് എന്റെ സ്വപ്നമാണ്”. അധികാരികളുടെ വാതിലുകളിലെല്ലാം മുട്ടിയിട്ടും തനിക്കിതുവരെ അനുകൂലമായ പ്രതികരണം ലഭിച്ചില്ല. അങ്ങനെയാണ്, ജപ്പാന്‍ സര്‍ക്കാരിനെ സമീപിച്ചത്. അവര്‍ യന്ത്രം അവതരിപ്പിക്കാന്‍ അനുവാദം നല്‍കി-കുമാരസ്വാമി പറഞ്ഞു.

ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കുമ്പോള്‍ അതിനെ വിഘടിപ്പിച്ച് കിട്ടുന്ന ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുകയാണ് യന്ത്രം ചെയ്യുക, ഓക്സിജന്‍ സ്വതന്ത്രമാക്കപ്പെടും.