എം.പിമാരുടെ സസ്‌പെന്‍ഷന്‍; പ്രതിഷേധവുമായി പ്രതിപക്ഷം, പാര്‍ലമെന്റില്‍ ഇരുസഭകളും നിര്‍ത്തിവെച്ചു

എം പിമാരുടെ സസ്‌പെന്‍ഷനെ തുടര്‍ന്നുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരു സഭകളും നിര്‍ത്തിവെച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ടി എന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

ലോക്‌സഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയാണ് പ്രതിഷേധിച്ചത്. പ്ലക്കാര്‍ഡുകളുമായാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇന്നും സഭയിലെത്തിയത്. ബഹളം ശക്തമായതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കുകയായിരുന്നു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയുള്ള പ്രതിഷേധം ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നിവരെയാണ് ഇന്നലെ സസ്‌പെന്‍ഡ് ചെയ്തത്. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ദ്ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. വര്‍ഷകാല സമ്മേളനം തീരുന്നതു വരെയാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.