താജ്മഹലിനെ 400 വര്‍ഷം സംരക്ഷിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന് യോഗി സർക്കാരിനോട് സുപ്രീംകോടതി

വിവാദമായ താജ്മഹല്‍ വിഷയത്തില്‍ യോഗി സര്‍ക്കാറിന് തിരിച്ചടിയായി സുപ്രീംകോടതി ഉത്തരവ്. 400 വര്‍ഷത്തേക്ക് താജ്മഹലിനെ സംരക്ഷിക്കാുള്ള പദ്ധതി തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ചരിത്ര സ്മാരകമായ താജ്മഹല്‍ ഒരു തലമുറയ്ക്ക് മാത്രമുള്ളതല്ലെന്നും കുറഞ്ഞത് നാന്നൂറ് വര്‍ഷമെങ്കിലും അത് സംരക്ഷിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി.

താജ്മഹലിനെയും പരിസര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സമഗ്രമായ ആശയം തയ്യാറാക്കി സമര്‍പ്പിക്കമെന്ന് കോടതി പറഞ്ഞു. താജ് ട്രപീസിയം സോണിനോട് (ടി.ടി.എസ്) വിദഗ്ധരടങ്ങിയ അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. താജ്മഹല്‍ സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശം വയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ്മാരായ ദീപക് ഗുപ്ത, മദന്‍ ബി ലോകൂര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. താജിന്റെ പരിസര പ്രദേശങ്ങളിലുള്ള അനധികൃത സ്ഥാപനങ്ങള്‍ ഒഴിപ്പിക്കണമെന്നും കൂടുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് താജ്മഹലിന്റെ സൗന്ദര്യം നിലനിര്‍ത്തണമെന്നും യു പി സര്‍ക്കാരിനോട് ദേശീയ ഹരിത ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിരുന്നു. പുക മലിനീകരണവും മറ്റു പരിസ്ഥിതി പ്രശ്‌നങ്ങളും ബാധിക്കാതിരിക്കാന്‍ താജ്മഹലിന്റെ സമീപത്തുള്ള പാര്‍ക്കിംഗ് സ്ഥലം മാറ്റാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Read more

യുപിയിലെ ബിജെപി സര്‍ക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തില്‍നിന്നു രാജ്യാന്തര പ്രശസ്തമായ താജ്മഹലിനെ ഒഴിവാക്കിയതോടെയാണ് വിവാദം തുടങ്ങിയത്. ഇന്ത്യന്‍ സംസ്‌കാരത്തിനു മേലുള്ള കളങ്കമാണു താജ്മഹലെന്നും പണിതതു രാജ്യദ്രോഹികളാണെന്നും അതിനു ചരിത്രത്തില്‍ ഇടംകൊടുക്കേണ്ടതില്ലെന്നും ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞത് ഏറെ വിവാദമായിരുന്നു. താജ്മഹലിെന്റ സ്ഥാനത്ത് ശിവ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ബി.ജെ.പി നേതാക്കള്‍ രംഗത്ത് വന്നതും വിവാദങ്ങള്‍ക്കിടം നല്‍കിയിരുന്നു.