സമ്പദ്​വ്യവസ്ഥയി​ലെ ഗുരുതര പ്രശ്​നങ്ങൾക്ക്​ കാരണം കേന്ദ്ര സർക്കാരി​ൻെറ ലോക്​ഡൗൺ; സുപ്രീംകോടതി

കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനമാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രശ്​നങ്ങളുണ്ടാക്കിയതെന്ന് ​ സുപ്രീംകോടതി. മൊറട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതിയുടെ പരാമർശം. ജസ്റ്റിസ്​ അശോക്​ ഭൂഷൺ, ജസ്​റ്റിസ്​ എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചി​ൻെറതാണ് പരാമർശം.

റിസർവ് ബാങ്ക്​ തീരുമാനമെടുത്തുവെന്ന് നിങ്ങൾ പറയുന്നു. സർക്കാർ റിസർവ്​ ബാങ്കി​ൻെറ പിന്നിലൊളിക്കുകയാണ്​. കേന്ദ്ര സർക്കാർ സ്വന്തം നിലപാട്​ വ്യക്തമാക്കണം. റിസർവ് ബാങ്കി​ൻെറ മറുപടിയുമായി മുന്നോട്ടു പോവുകയാണെന്നും കോടതി അറിയിച്ചു.

വായ്​പ മൊറട്ടോറിയം കേസിൽ സത്യവാങ്മൂലം സമർപ്പിക്കാനുള്ള സമയപരിധി അറിയിക്കണമെന്ന്​ കേന്ദ്ര പ്രതിനിധി സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു. ഇതിനായി ഒരാഴ്ചത്തെ കാലാവധി നീട്ടി നൽകണമെന്ന്​ മേത്ത ആവശ്യപ്പെട്ടു.

ഉപഭോക്താക്കൾക്ക്​ സ്ഥിരകാല വായ്പകൾക്കും ഇ.എം.ഐ പേയ്‌മെൻറുകൾക്കുമായി ആറ്​ മാസത്തെ മൊറട്ടോറിയം റിസർവ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു. മൊറട്ടോറിയം കാലയളവ് ഓഗസ്റ്റ് 31- ന് അവസാനിക്കും.

മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31- ന് അവസാനിക്കുകയാണെന്നും സെപ്റ്റംബർ 1 മുതൽ എല്ലാം സ്ഥിരസ്ഥിതിയിലേക്ക്​ മാറു​​മ്പാേൾ ഈ വായ്പകൾ എല്ലാം എൻ‌.പി‌.എകളായി മാറുമെന്നും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ഇത് ഒരു വലിയ പ്രശ്‌നം സൃഷ്ടിക്കും. ഈ പ്രശ്​നങ്ങളിൽ തീരുമാനമുണ്ടാകുന്നതുവരെ വായ്പാ മൊറട്ടോറിയം നീട്ടി നൽകണമെന്നും സിബൽ ആവശ്യപ്പെട്ടു. സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കാത്തതിനാൽ അടുത്ത പാദവും മോശമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.

Read more

എന്നാൽ സർക്കാരിനു വേണ്ടി കേസിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സിബലിൻറെ വാദത്തെ എതിർത്തു. വിഷയത്തിൽ കേന്ദ്ര സർക്കാർ തീരുമാനം ഒരാഴ്​ച്ചക്കകം സമർപ്പിക്കണമെന്ന്​ അറിയിച്ച കോടതി ഹർജിയിൽ സെപ്​റ്റംബർ ഒന്നിന്​ വീണ്ടും പരിഗണിക്കുമെന്ന്​ അറിയിച്ചു.