തരുൺ തേജ്‌പാൽ വിചാരണ നേരിടണം, ലൈംഗിക അതിക്രമക്കേസ് റദ്ദാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

ലൈംഗിക അതിക്രമ കേസ് റദ്ദാക്കണമെന്ന തെഹല്‍ക്ക സ്ഥാപകനും എഡിറ്ററുമായിരുന്ന തരുണ്‍ തേജ്പാലിന്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര്‍ ഷാ, ബി.ആര്‍ ഗവായ് തുടങ്ങിയവരടങ്ങുന്ന ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്.

കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും തരുണ്‍ തേജ്പാല്‍ വിചാരണ നേരിടണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു. തനിക്കെതിരായ പീഡനാരോപണം കെട്ടിച്ചമച്ചതാണെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആയിരുന്നു തേജ്പാലിന്റെ ആവശ്യം. എന്നാല്‍ തേജ്പാല്‍ വിചാരണ നടപടിയുമായി സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത കുറ്റകൃത്യമാണിതെന്നും കോടതി നിരീക്ഷിച്ചു.

2013 സെപ്തംബറില്‍ ഗോവയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ബിസിനസ് മീറ്റിനിടെ ലിഫ്റ്റിനുള്ളില്‍ വെച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് തരുണ്‍ തേജ്പാലിനെതിരായ കേസ്.

Read more

2017 സെപ്റ്റംബർ ഏഴിന് ഗോവയിലെ വിചാരണക്കോടതിയാണ് (ഐപിസി) 376 (2) (ബലാത്സംഗം), 354 എ (ലൈംഗിക പീഡനം), 342 എന്നീ വകുപ്പുകള്‍ പ്രകാരം തരുണ്‍ തേജ്പാലിനെതിരെ കുറ്റം ചുമത്തിയത്. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് 2013 നവംബര്‍ 30 നായിരുന്നു തേജ്പാലിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2014 മെയിലാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്.