മുന്നാക്ക സംവരണം: നിര്‍ണായക വിധി അല്‍പസമയത്തിനകം

തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ 10%സംവരണത്തിന് ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് യു.യു.ലളിത് ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ച് അല്‍പ്പസമയത്തിനകം വിധി പറയും. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനയുടെ 103-ാം ഭേദഗതിക്കെതിരായ ഹര്‍ജികളിലാണ് വിധി. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റുന്നതാണോ മുന്നാക്ക സംവരണം സംബന്ധിച്ച 103-ാം ഭേദഗതിയെന്നതാണ് ബെഞ്ച് പരിഗണിക്കുന്ന വിഷയം.

2019 ജനുവരിയില്‍ ഭരണഘടനയുടെ 15, 16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം അനുദിച്ചതിനെതിരെ 39 ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

സംവരണം സാമ്പത്തിക ഉന്നമന പദ്ധതിയല്ലെന്നും, പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തിനുള്ള ഉപാധിയാണെന്നുമാണു ഹര്‍ജിക്കാരുടെ വാദം. സാമ്പത്തികം മാത്രം മാനദണ്ഡമാക്കി സംവരണം നല്‍കാന്‍ കഴിയില്ല. സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും  വാദിച്ചു.

സംവരണ വിഭാഗങ്ങളുടെ സംവരണത്തെ ഒട്ടും ബാധിക്കാതെയാണ് മുന്നാക്ക സംവരണം അനുവദിച്ചതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. പിന്നാക്ക വിഭാഗങ്ങളിലെ ദരിദ്രര്‍ക്ക് സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. അതിനാല്‍ സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്നു പറയാനാകില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

Read more

സെപ്റ്റംബര്‍ 13 മുതല്‍ ആറര ദിവസം നീണ്ട വാദത്തിനൊടുവിലാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്. മറുപടി വാദങ്ങള്‍ കൂടി കേട്ട ശേഷമാണ് ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റിയത്.