വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാരിന് ഭീഷണിയായി സുപ്രീം കോടതി നിർദേശം, സഭയിലെത്താൻ വിമത എം.എൽ.എമാരെ നിർബന്ധിക്കാൻ പാടില്ല

കര്‍ണാടകയിലെ 15 വിമത എം.എല്‍.എമാരെ നിര്‍ബന്ധിച്ച് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീം കോടതി നിർദേശം നൽകി. വിമത എം.എല്‍.എമാര്‍ നല്‍കിയ ഹർജിയിലാണ് കോടതി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. കോടതിയുടെ ഈ നിര്‍ദേശം വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സര്‍ക്കാരിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തല്‍.

നാളെയാണ് കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ ഭാഗമായ ഈ 15 എം.എല്‍.എമാര്‍ സഭയില്‍ എത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ താഴെ വീണേക്കും. വോട്ടെടുപ്പിന് എത്താതിരുന്നത് വിപ്പ് ലംഘിച്ചുവെന്നതിന്റെ പേരിൽ അയോഗ്യത കൽപ്പിക്കാൻ കോടതി നിർദേശം കാരണം കഴിയില്ല. അതുകൊണ്ട് ഇവർ വിട്ടുനിൽക്കുന്നതിനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ വോട്ടെടുപ്പിൽ സർക്കാർ പരാജയപ്പെടും.

അതേസമയം, വിമതരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് അനുയോജ്യമായ സമയത്ത് തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എം.എല്‍.എമാരുടെ രാജി സ്വീകരിക്കണോ അതോ അയോഗ്യരാക്കണോയെന്ന് സ്പീക്കര്‍ക്ക് തീരുമാനിക്കാന്‍ കഴിയും. രാജി സ്വീകരിക്കാതെ സ്പീക്കര്‍ അയോഗ്യരാക്കുകയാണെങ്കില്‍ അത് വിമത എം.എല്‍.എമാര്‍ക്ക് തിരിച്ചടിയാണ്.

കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തുകളുടെ കാര്യത്തില്‍ സ്പീക്കര്‍ എങ്ങനെ തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അയോഗ്യര്‍ ആക്കണം എന്ന അപേക്ഷയില്‍ തീരുമാനം ആദ്യ ഉണ്ടാകണമോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് ഭരണഘടനാപരമായ എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോയെന്ന് പരിശോധിക്കാന്‍ മാത്രമേ കോടതിക്കു കഴിയുകയുള്ളൂവെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു. രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ സമയപരിധി നിർദേശിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. രഞ്ജൻ ഗൊഗോയ്‌ക്കു പുറമെ ദീപക് ഗുപ്ത , അനിരുദ്ധ് ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് നൽകിയത്.

Read more

അതിനിടെ, രാജി നാടകം തുടരുന്നതിനിടയിൽ വിമത എം.എൽ.എമാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ബി.ജെ.പി നേതാവ് യെദ്യൂരപ്പയുടെ ചിത്രങ്ങൾ പുറത്തു വന്നു. യെലെഹങ്കയിലെ റമദാ റിസോർട്ടിൽ യെദ്യൂരപ്പയും വിമത എം.എൽ.എ മാരും ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.