നിര്‍ദ്ദേശം അംഗീകരിച്ചു; പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് നവജ്യോത് സിംഗ് സിദ്ദു

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പഞ്ചാബ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് നവജ്യോത് സിംഗ് സിദ്ദു. അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍മാരോട് സോണിയ ഗാന്ധി രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

”കോണ്‍ഗ്രസ് അദ്ധ്യക്ഷ ആഗ്രഹിച്ചതുപോലെ ഞാന്‍ എന്റെ രാജിക്കത്ത് അയച്ചു,” സോണിയാ ഗാന്ധിയെ അഭിസംബോധന ചെയ്ത കത്തിന്റെ പകര്‍പ്പുസഹിതം സിദ്ദു ട്വിറ്ററില്‍ കുറിച്ചു.

സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകളുടെ പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.

പഞ്ചാബ് പി.സി.സി അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു, ഉത്തരാഖണ്ഡ് പി.സി.സി അദ്ധ്യക്ഷന്‍ ഗണേശ് ഗോഡിയാല്‍ , ഗോവ പി.സി.സി അദ്ധ്യക്ഷന്‍ ഗീരീഷ് ഗോണ്ടാന്‍കര്‍, ഉത്തര്‍ പ്രദേശ് പി.സി.സി അദ്ധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു, മണിപ്പൂര്‍ പി.സി.സി അദ്ധ്യക്ഷന്‍ എന്‍. ലോകേന്‍ സിംഗ് എന്നിവരോടാണ് രാജി ആവശ്യപ്പെട്ടത്. ഈ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരും രാജിവയ്കും.