തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ശിവഗംഗയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു

തമിഴ്നാട്ടില്‍ വീണ്ടും വിദ്യാര്‍ഥി ആത്മഹത്യ. ശിവഗംഗയില്‍ പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. കുട്ടിയെ കാരക്കുടി ചക്കോട്ടയിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടില്‍ രണ്ടാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ വിദ്യാര്‍ത്ഥിയാണ് ഇത്. ഇന്ന് രണ്ടാമത്തേതും.

ശിവകാശി അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം ശിവകാശി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇന്നലെ ആത്മഹത്യ ചെയ്തിരുന്നു. പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് പറയുന്നു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കടലൂര്‍ എസ്പി ശക്തി ഗണേശന്‍ പറഞ്ഞു.