ഇപ്പോഴും കോൺഗ്രസ് കുടുംബത്തിൽ തന്നെ: തൃണമൂലിൽ ചേർന്ന ശേഷം ഗോവ മുൻ കോൺഗ്രസ് നേതാവ്

ഗോവ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ലൂയിസിൻഹോ ഫലേറോ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. താൻ ഇപ്പോഴും കോൺഗ്രസ്സ് കുടുംബത്തിന്റെ ഭാഗമാണെന്നും കുടുംബത്തിന്റെ ഏകീകരണമാണ് താൻ ആഗ്രഹിക്കുന്നതെന്നും ലൂയിസിൻഹോ ഫലേറോ പറഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് തന്റെ ദൗത്യം എന്ന് ലൂയിസിൻഹോ ഫലേറോ ഊന്നിപ്പറഞ്ഞു. “ഞാൻ കഴിഞ്ഞ കുറെ വർഷങ്ങളായി കോൺഗ്രസുകാരനായി ജീവിച്ചു. ഒരു കോൺഗ്രസുകാരനെന്ന നിലയിൽ, എനിക്ക് തൃണമൂൽ കോൺഗ്രസിലും അതേ തത്വങ്ങളും പ്രത്യയശാസ്ത്രവും ആണ്. ടിഎംസി, ശരദ് പവാർ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, ഇന്ദിരാ കോൺഗ്രസ് എന്നിവ ഉൾപ്പെടുന്ന കോൺഗ്രസ് കുടുംബം ഏകീകരിച്ചു കാണാൻ ഞാൻ ശ്രമിക്കും,” ലൂയിസിൻഹോ ഫലേറോ പറഞ്ഞു.

“ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു ഒരു കോൺഗ്രസ്സ് കുടുംബമായി ഒത്തുചേരുക, അങ്ങനെ നമുക്ക് ബിജെപിയെ നേരിടാൻ കഴിയും. എല്ലാവരും ബി.ജെ.പിക്കെതിരായ സേനയിൽ ചേരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“നിങ്ങൾ ‘ദീദി’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മമത ബാനർജിയോട് ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്, സംസ്ഥാനത്തെയും, ആവാസവ്യവസ്ഥയെയും, കോൺഗ്രസ് കുടുംബത്തെയും സംരക്ഷിക്കണമെന്ന്,” മുൻ ഗോവ മുഖ്യമന്ത്രി പറഞ്ഞു.  ബിജെപിയെയും അവരുടെ വിഭജന അജണ്ടയെയും അഭിമുഖീകരിച്ച് വിജയിച്ച ഒരേയൊരു നേതാവാണ് മമത ബാനർജി എന്നും അദ്ദേഹം പറഞ്ഞു.

“ദീദിയുടെ അചഞ്ചലമായ മനോഭാവം തകർക്കാൻ അവർക്ക് കഴിഞ്ഞില്ല. ബിജെപിയെ നേരിടാൻ നമുക്ക് അത്തരം പോരാളികൾ ആവശ്യമാണ്,” മമതയുടെ അനന്തരവൻ അഭിഷേക് ബാനർജിയിൽ നിന്ന് പാർട്ടി പതാക സ്വീകരിച്ച ശേഷം അദ്ദേഹം പറഞ്ഞു.

Read more

കോൺഗ്രസിൽ 40 വർഷങ്ങൾ പ്രവർത്തിച്ച ശേഷം ലൂയിസിൻഹോ ഫലേറോ ഇന്നലെ രാജിവച്ചു. പാർട്ടിയുടെ തകർച്ച തടയാൻ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ രാജിക്കത്തിൽ ലൂയിസിൻഹോ ഫലേറോ പറഞ്ഞു.