“മദ്യം ഹോം ഡെലിവറി ചെയ്യുന്ന കാര്യം സംസ്ഥാനങ്ങൾ പരിഗണിക്കണം,”: സുപ്രീംകോടതി

രാജ്യത്തൊട്ടാകെയുള്ള മദ്യവിൽപ്പനശാലകളിൽ കുറഞ്ഞ തോതിലുള്ള ജനക്കൂട്ടം ഉറപ്പു വരുത്തുന്നതിനും സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതിനും “പരോക്ഷ വിൽപ്പന, ഹോം ഡെലിവറി” പരിഗണിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി സുപ്രീംകോടതി. ലോക്ക്ഡൗൺ കാലയളവിൽ നേരിട്ട് മദ്യം വിൽക്കുന്നത് (കടകളിലൂടെയുള്ള വിൽപ്പന) നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി നിരസിച്ചു കൊണ്ടാണ് സുപ്രീംകോടതി ഇന്ന് ഇക്കാര്യം പറഞ്ഞത്.

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, സഞ്ജയ് കിഷൻ കൗൾ, ബി ആർ ഗവായി എന്നിവർ വീഡിയോ കോൺഫറൻസിംഗിലൂടെ കേസ് വാദം കേട്ടു. “ഞങ്ങൾ ഒരു ഉത്തരവും പുറപ്പെടുവിക്കില്ല, പക്ഷേ സാമൂഹിക അകലം പാലിക്കാൻ സംസ്ഥാനങ്ങൾ ഹോം ഡെലിവറി അല്ലെങ്കിൽ പരോക്ഷമായി മദ്യം വിൽക്കുന്നത് പരിഗണിക്കണം,” ഉന്നത കോടതിയിലെ മൂന്ന് ജഡ്ജി ബെഞ്ച് ഹർജിക്ക് മറുപടിയായി പറഞ്ഞു.

“മദ്യത്തിന്റെ ഹോം ഡെലിവറി സംബന്ധിച്ച ചർച്ച നടക്കുന്നു. ഞങ്ങൾ എന്തുചെയ്യണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” ജസ്റ്റിസ് കൗൾ കൂട്ടിച്ചേർത്തു.

ആപ്പ് അധിഷ്ഠിത ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോ മദ്യത്തിന്റെ വീടുകൾ തോറുമുള്ള വിതരണത്തെ കുറിച്ച് ആലോചിക്കുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിൽ നിലവിൽ ഹോം ഡെലിവറിക്ക് നിയമപരമായ വ്യവസ്ഥകളൊന്നുമില്ല, വ്യവസായ സംഘടനയായ ഇന്റർനാഷണൽ സ്പിരിറ്റ്സ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ISWAI), സൊമാറ്റോ തുടങ്ങിയവ ഇത് മാറ്റാൻ ശ്രമിക്കുന്നുണ്ട്.

വീണ്ടും തുറക്കാൻ അനുവദനീയമായ കടകളുടെ പരിമിതിയും ഓരോ കടകളുടെയും പുറത്തുള്ള ജനക്കൂട്ടവും കാരണം മദ്യവിൽപ്പനശാലകളിൽ സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ ജെ സായ് ദീപക് വാദിച്ചു.

“മദ്യവിൽപ്പന കാരണം സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു. മദ്യവിൽപ്പനയെ കുറിച്ച് എംഎച്ച്എ (ആഭ്യന്തര മന്ത്രാലയം) സംസ്ഥാനങ്ങൾക്ക് വ്യക്തത നൽകണം,” സായ് വാദിച്ചു.

മാർച്ച് 25- ന് രാജ്യവ്യാപകമായി അടച്ച മദ്യവിൽപ്പനശാലകൾ ഈ ആഴ്ച വീണ്ടും തുറക്കാൻ അനുവദിച്ചിരുന്നു, ചില നഗരങ്ങളിൽ മദ്യ കടകൾക്ക്  മുന്നിൽ നൂറുകണക്കിന് ആളുകളുടെ വരി സൃഷ്ടിക്കപ്പെടുകയും സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോളുകൾ നടപ്പിലാക്കാൻ പൊലീസിന് ലാത്തിചാർജ് നടത്തേണ്ടി വരികയും ചെയ്തു.

ഓറഞ്ച്, ഗ്രീൻ സോണുകളിലെ ഒറ്റപ്പെട്ട മദ്യവിൽപ്പനശാലകൾ അല്ലെങ്കിൽ 15 ൽ കൂടുതൽ കൊറോണ വൈറസ് കേസുകൾ ഇല്ലാത്ത പ്രദേശങ്ങൾ എന്നിവ മാത്രമേ വീണ്ടും തുറക്കാൻ അനുവദിക്കൂ എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. “ചുവപ്പ്” സോണുകളുടെ നിയന്ത്രണമില്ലാത്ത പ്രദേശങ്ങളിലെ കടകളും വീണ്ടും തുറക്കാൻ അനുവദിച്ചു.

എല്ലാ മദ്യ വില്‍പനശാലകളും സാമൂഹിക അകല നിയമങ്ങൾ പിന്തുടരുകയും അഞ്ചിൽ കൂടുതൽ ആളുകളെ ഒരേ സമയത്ത് കടയ്ക്കുള്ളിൽ അനുവദിക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. എന്നിരുന്നാലും, തിങ്കളാഴ്ച കടകൾ വീണ്ടും തുറന്നപ്പോൾ, വലിയ ജനക്കൂട്ടം രൂപപ്പെടുകയും മാനദണ്ഡങ്ങൾ ലംഘിക്കുകയും വിവിധ സംസ്ഥാനങ്ങളിൽ ക്രമം പുനഃസ്ഥാപിക്കാൻ പൊലീസ് ബലം പ്രയോഗിക്കാൻ നിർബന്ധിതരാകുകയും ചെയ്തു.

ഇതിന് മറുപടിയായി ഡൽഹി ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ മദ്യവിൽപ്പനയ്ക്ക് “കൊറോണ നികുതി” ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹി സർക്കാർ മദ്യത്തിന് 70 ശതമാനം വൻ നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ് ഭരണകൂടങ്ങളും സമാനമായ നടപടികൾ പ്രഖ്യാപിച്ചു.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഡൽഹി സർക്കാർ ഒരു ഇ-ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട് – മദ്യം വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഒരു വെബ് ലിങ്കിൽ പ്രവേശിച്ച് ഓരോ ഷോപ്പിനും മണിക്കൂറിൽ നൽകുന്ന 50 ടോക്കണുകളിൽ ഒന്ന് വാങ്ങാം.

തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ മാത്രം ലഭ്യമാക്കിയിട്ടുള്ള മദ്യവിൽപ്പനയ്ക്കായി പ്രായപരിധി നിർണയിക്കുന്ന സമയക്രമം സംസ്ഥാന സർക്കാർ അവതരിപ്പിച്ചു.

Read more

മദ്യവിൽപ്പനശാലകൾ വീണ്ടും തുറക്കാനും മദ്യവിൽപ്പന വീണ്ടും ആരംഭിക്കാനുമുള്ള നീക്കത്തെ സംസ്ഥാന സർക്കാരുകൾ പ്രോത്സാഹിപ്പിക്കുന്നത് മദ്യവിൽപ്പനയിൽ നിന്നുള്ള നികുതി ലഭിക്കുന്നതിനായാണ്; വിൽപ്പന അനുവദിച്ച ആദ്യ ദിവസം തന്നെ മഹാരാഷ്ട്ര 11 കോടി രൂപ സമാഹരിച്ചതായാണ് റിപ്പോർട്ടുകൾ.