"ഒരു രാജ്യം, ഒരു ട്വീറ്റ്"; ‘സ്ത്രീ ശാക്തീകരണത്തിന്’ മോദിയെ പ്രശംസിക്കുന്ന സമാനമായ ട്വീറ്റുകൾ പങ്കുവച്ച് ഇന്ത്യൻ വനിത കായികതാരങ്ങൾ

ബോക്സർ മേരി കോം ഗുസ്തി താരം പൂജ ധണ്ട ബാഡ്മിന്റൺ ചാമ്പ്യൻമാരായ പിവി സിന്ധു, സൈന നെഹ്വാൾ തുടങ്ങി ഇന്ത്യയിലെ മികച്ച കായികതാരങ്ങൾ ശനിയാഴ്ച ദീപാവലി ദിനത്തിൽ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് ‘സ്ത്രീ ശാക്തീകരിക്കുന്നതിന്’ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്ന സമാനമായ സന്ദേശം ട്വീറ്റ് ചെയ്തത് ചർച്ചയാവുന്നു.

“സ്ത്രീകളെ ബഹുമാനിക്കാനും ശാക്തീകരിക്കാനുമുള്ള ശ്രമങ്ങൾക്ക് ഞാൻ നരേന്ദ്രമോദിയോട് ഈ ദീപാവലി ദിനത്തിൽ നന്ദി പറയുന്നു. ഈ അംഗീകാരം കൂടുതൽ കഠിനാധ്വാനം ചെയ്യാനും ഇന്ത്യക്ക് അഭിമാകാനും ഞങ്ങളെ പ്രേരിപ്പിക്കുന്നു. #ഭാരത്‌കിലക്ഷമി. ” എന്നാണ് ഇന്ത്യൻ വനിത കായികതാരങ്ങൾ പങ്ക് വച്ചിരിക്കുന്ന സമാനമായ ട്വിറ്റർ സന്ദേശം.

#BharatkiLaxmi #ഭാരത്‌കിലക്ഷമി എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ചുള്ള സമാനമായ സന്ദേശങ്ങളാണ് ട്വിറ്റർ ഉപയോക്താക്കളുടെ ശ്രദ്ധയിൽ പെട്ടത്. പിവി സിന്ധുവിനെപ്പോലെ, മിക്ക കായിക വനിതകളും യുവജനകാര്യ, കായിക വകുപ്പ് സഹമന്ത്രി കിരൺ റിജിജുവിനെ കോട്ട് ട്വീറ്റ് ചെയ്യുകയോ ടാഗുചെയ്യുകയോ ചെയ്തു.

ട്വീറ്റ് ചെയ്യാനായി കായിക താരങ്ങൾക്ക് നൽകിയ സന്ദേശത്തിൽ നിന്ന് “ടെക്സ്റ്റ് ” എന്ന വാക്ക് നീക്കം ചെയ്യാനും ചിലർ മറന്നു. നിരവധി ഉപയോക്താക്കൾ ഇത് ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് പൂജ ധണ്ട തന്റെ ട്വീറ്റ് നീക്കം ചെയ്തു.

ഒക്ടോബർ 22 ന് സിന്ധുവും സിനിമാതാരം ദീപിക പദുക്കോണും ഉൾപ്പെടുന്ന ഒരു വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് # ഭരത്കിലക്ഷമി എന്ന ഏകോപിത പ്രചാരണത്തിന് ആരംഭം കുറിച്ചത്. “ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ #ഭാരത്കിലക്ഷ്മി പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നു” എന്ന് ട്വീറ്റ് ചെയ്ത് സിന്ധു വീഡിയോ പങ്കിട്ടു. ഇത് മോദി റീട്വീറ്റ് ചെയ്തു.

തുടർന്ന് പ്രമുഖ കായിക വനിതകളിൽ നിന്നും കേന്ദ്രമന്ത്രിമാരിൽ നിന്നും ബി.ജെ.പി നേതാക്കളിൽ നിന്നും സമാനമായ സന്ദേശം ട്വീറ്റ് ചെയ്യപെട്ടു.