ഭീമ കൊറെഗാവ്: സുധ ഭരദ്വാജ് സമർപ്പിച്ച ഇടക്കാല മെഡിക്കൽ ജാമ്യാപേക്ഷ തള്ളി

2018 ജനുവരി ഒന്നിന് പൂനെയിലെ കൊറെഗാവ് ഭീമയിൽ ജാതിയുടെ പേരിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആദിവാസി അവകാശ പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിന് വേണ്ടി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളി. 58- കാരിയായ ഭരദ്വാജിനെ ഇപ്പോൾ ബൈക്കുല്ല വനിതാ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. ഇവിടെ ഒരു തടവുകാരന് കോവിഡ് -19 സ്ഥിരീകരിച്ചിട്ടുണ്ട്.

സുധ ഭരദ്വാജിന്റെ പ്രായവും നേരത്തെ തന്നെ ഉള്ള പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും കാരണം സുധ ഭരദ്വാജിന് ജയിലിൽ കൊറോണ വൈറസ് പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നും, അവരുടെ ഇപ്പോഴത്തെ മെഡിക്കൽ അവസ്ഥയിൽ കോവിഡ് ബാധ ഉണ്ടായാൽ ജീവന് ഭീഷണിയാകുമെന്നും ഹർജിയിൽ പറഞ്ഞു. പ്രത്യേക ജഡ്ജി ഡി.ഇ. കോത്താലിക്കർ ഈ അപേക്ഷ നിരസിച്ചു.

2017 ഡിസംബർ 31- ന് പൂനെയിൽ എൽഗർ പരിഷത്ത് പൊതുയോഗം സംഘടിപ്പിക്കാനുള്ള ഗൂഡാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് പൂനെ പൊലീസ് 2018 ഓഗസ്റ്റിൽ സുധ ഭരദ്വാജിനെ അറസ്റ്റ് ചെയ്തു. അടുത്ത ദിവസം കൊറെഗാവ് ഭീമയിൽ ജാതി അടിസ്ഥാനമാക്കിയുള്ള അക്രമത്തിന് പൊതുയോഗം കാരണമായതായാണ് പൊലീസ് പറയുന്നത്.