വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ വാതിലിൽ കുടുങ്ങി; സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം

വിമാനത്തിന്റെ അറ്റകുറ്റപണികൾക്കിടെ സ്പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ജീവനക്കാരന് ദാരുണാന്ത്യമുണ്ടായത് . സ്പൈസ് ജെറ്റിന്റെ ബോംബാർഡിയർ വിമാനത്തിന്റെ ദൈനംദിന അറ്റകുറ്റ പണികൾക്കിടെയാണ് രോഹിത് പാണ്ഡ്യ (26) എന്ന യുവാവ് അപകടത്തിൽ പെട്ടത്. ലാൻഡിംഗ് ​ഗിയറിന്റെ വാതിലിൽ കുടുങ്ങിയാണ് അപകടം. അപകടത്തെ തുടർന്ന് യുവാവ് തൽക്ഷണം മരിച്ചു.

ഹൈഡ്രോളിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ലാൻഡിംഗ് ​ഗിയർ വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതാവാം മരണത്തിലേക്ക് നയിച്ച കാരണമെന്ന് കരുതപ്പെടുന്നു. വിമാനത്താവളത്തിലെ അ​ഗ്നിശമന വിഭാഗം ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.

Read more

അസ്വാഭാവിക മരണത്തിനാണ് കൊൽക്കത്ത എയർപോർട്ട് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ എങ്ങനെയാണ് വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതെന്ന് വ്യക്തമായിട്ടില്ലാത്തതിനാൽ ഫോറൻസിക് ഉദ്യോ​ഗസ്ഥരെത്തി കൂടുതൽ വിവരം ശേഖരിക്കും, ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും തുടർന്നുളള അന്വേഷണമുണ്ടാകുക. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു, എന്നാൽ ജീവനക്കാരൻ മരിക്കാനിടയായ അപകടത്തെ കുറിച്ച് സ്പൈസ് ജെറ്റ് പ്രതികരിച്ചിട്ടില്ല .