വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്തണം, ഇല്ലെങ്കിൽ സ്പീക്കർ സ്ഥാനം ഒഴിയുമെന്ന് രമേഷ്കുമാർ

കർണ്ണാടക നിയമസഭയിൽ നാടകീയ നീക്കങ്ങൾ. ഇന്ന് തന്നെ വിശ്വാസ വോട്ട് നേടണമെന്ന് സ്പീക്കർ രമേഷ് കുമാർ കർക്കശ നിലപാടെടുത്തു. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താൻ കഴിഞ്ഞില്ലെങ്കിൽ താൻ സ്പീക്കർ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറ് മണിക്ക് മുൻപ് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നാണ് സ്പീക്കർ ഇന്നലെ പ്രഖ്യാപിച്ചത്. എന്നാൽ മുഖ്യ മന്ത്രി എച്ച് . ഡി കുമാരസ്വാമി തന്റെ വൈകാരികമായ പ്രസംഗത്തിലൂടെ വോട്ടെടുപ്പ് നീട്ടികൊണ്ട് പോകാൻ ശ്രമിക്കുകയാണ്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മനസ് മടുപ്പിക്കുകയാണ് എന്ന് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു. വിശ്വാസ വോട്ടിലേയ്ക്ക് പോകാതെ കുമാരസ്വാമി സര്‍ക്കാര്‍ രാജി വയ്ക്കും. അതേസമയം,  ബംഗളൂരുവില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടയതിനെ തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമസഭക്ക് പുറത്ത് ബിജെപി – ജെഡിഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

സംസ്ഥാനത്ത ഭരണ പ്രതിസന്ധി സൃഷ്ടിച്ച് വിമത എം എൽ എ മാർക്ക് വേണ്ടി താൻ മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം സഭയിൽ പറഞ്ഞു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസ വോട്ടുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് കുമാരസ്വാമി രാജി വയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇന്നലെ തന്റേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന രാജിക്കത്ത് വ്യാജമാണ് എന്ന് നിയമസഭയില്‍ കുമാര സ്വാമി പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ പതനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ താന്‍ തയ്യാറല്ല എന്ന് കുമാരസ്വാമി പറഞ്ഞു. ബിജെപി സര്‍ക്കാരിനെ വീഴ്ത്താനായി നടത്തിയ ശ്രമങ്ങള്‍ വിശദീകരിച്ച കുമാരസ്വാമി ഇത്രയും കാലം താന്‍ വിശ്വസ്തതയോടെയാണ് പ്രവര്‍ത്തിച്ചത് എന്ന് പറഞ്ഞു.

16 വിമത എംഎല്‍എമാര്‍ രാജി വയ്ക്കുകയും രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.