കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വിവേചനം അവസാനിപ്പിക്കാന്‍ രാഷ്രീയമായി ദക്ഷിണേന്ത്യ ഒരുമിക്കണം; ആഹ്വാനവുമായി കമല്‍ഹാസന്‍

കേന്ദ്രസര്‍ക്കാരില്‍ നിന്നും ദക്ഷിണേന്ത്യക്കാര്‍ നേരിടുന്ന വിവേചനം അവസാനിപ്പിക്കാന്‍ ഏവരും ദ്രാവിഡ സ്വത്വത്തിന് പിന്നില്‍ അണിനിരക്കണമെന്ന് നടന്‍ കമല്‍ഹാസന്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെല്ലാം ദ്രാവിഡരാണ്. അതില്‍ ആന്ധ്രയുടെ ചന്ദ്രബാബു നായിഡുവും, തെലുങ്കാനയുടെ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും,കര്‍ണ്ണാടകയുടെ സിദ്ധരാമയ്യയും, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടുന്നു. ദക്ഷിണേന്ത്യ ഒട്ടാകെ ഈ ദ്രാവിഡ സ്വത്വത്തെ ഉള്‍ക്കൊണ്ടാല്‍ മാത്രമെ നമ്മുടെ പരാതികള്‍ക്കെല്ലാം പരിഹാരം കാണാനും കേന്ദ്രത്തില്‍ നാം നേരിടുന്ന വിവേചനം ഇല്ലാതാക്കാനും കഴിയൂ. ഒരു തമിഴ് മാസികയില്‍ എഴുതിയ പ്രതിവാര പംക്തിയിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

രാജ്യത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ വലിത തുക സംഭാവന ചെയ്യുന്ന സംസ്ഥാനമാണ് തമിഴ്നാട്. എന്നാല്‍ ചിലര്‍ പറയുന്നു, കേന്ദ്രം തമിഴ്നാട്ടില്‍ നിന്ന് നികുതി വാങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി ചിലവഴിക്കുകയാണെന്ന്. എന്നാല്‍ എല്ലാ അംഗങ്ങളുമുള്ള ഒരു കൂട്ടുകുടുംബത്തില്‍ ഇത് എങ്ങനെ സാധ്യമാകും എന്നാണ് എന്റെ സംശയം. കുടുംബത്തില്‍ ജോലിയില്ലാത്ത ഇളയ സഹോദരന്മാരെ സംരക്ഷിക്കുന്നത് ജോലിയുള്ള മൂത്ത സഹോദന്മാരാണെന്നിരിക്കെ ഇളയ സഹോദന്മാര്‍ ജേഷ്ഠനെ പറ്റിക്കുകയോ, പട്ടിണിക്കിടുകയോ ചെയ്യാന്‍ പാടില്ലെന്ന് കമല്‍ഹാസന്‍ പറയുന്നു.

ദ്രാവിഡരുടെ ശബ്ദം ഒന്നിക്കുമ്പോഴാണ് അതിന് കൂടുതല്‍ കരുത്തുണ്ടാകുന്നത്. ഡല്‍ഹിയുമായി തോളോടുതോള്‍ ചേര്‍ന്നുനില്‍ക്കുവാന്‍ നമ്മുടെ കരുത്തേറിയ ശബ്ദം ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായിട്ടുള്ള തമിഴ്നാട് പര്യടനം ഫെബ്രുവരി 21 ന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ ജന്മനാടായ രാമനാഥപുരത്ത് നിന്ന് ആരംഭിക്കുമെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. ഒത്തിരി ആഗ്രഹങ്ങളുള്ള വ്യക്തിയായിരുന്നു കലാമിനെ പോലെയാണ് ഞാനും. കലാം തമിഴ്നാടിന്റെ സന്തോഷത്തിന് വേണ്ടി ആഗ്രഹിച്ചു ഞാനും അതുതന്നെ ആഗ്രഹിക്കുന്നതിനാലാണ് പര്യടനം രാമനാഥപരത്തുനിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും കമല്‍ഹാസന്‍ പറയുന്നു.