സോൻഭദ്ര ആദിവാസി കൂട്ടക്കൊല ആസൂത്രിതം, വിവരം ലഭിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്ന് സ്ഥലവാസികൾ

ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവച്ചു കൊന്ന സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന വിവരങ്ങൾ പുറത്തു വരുന്നു . ഒപ്പം ആക്രമണം നടക്കുമെന്ന് പോലീസിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് തടയാന്‍ ഒരു ശ്രമവും നടന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ദൃക്‌സാക്ഷികൾ പറയുന്നത് :

ജൂലൈ 17ന് രാവിലെ 11 മണിയോടു കൂടിയാണ് ഗ്രാമമുഖ്യന്‍ യജ്ഞ ദത്തും നൂറോളം വരുന്ന അനുയായികളും 25 ട്രാക്ടറുകളില്‍ തര്‍ക്കത്തിലുള്ള കൃഷി ഭൂമിയിലെത്തി ആക്രമണം ആരംഭിക്കുന്നത്. എന്നാൽ രാവിലെ തന്നെ സത്യജിത് എന്ന പോലീസ് കോണ്‍സ്റ്റബിള്‍ തന്നെ വിളിച്ച് ഒത്തുതീര്‍പ്പിനായി എത്തണമെന്ന് ആവശ്യപ്പെട്ടെന്നും അതല്ലെങ്കില്‍ “മറ്റെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് തങ്ങളെ കുറ്റപ്പെടുത്തരുതെ”ന്ന് മുന്നറിയിപ്പ് തന്നെന്നും വെടിവയ്പിന്റെ ദൃക്‌സാക്ഷികളിലൊരാളായ രാം രാജ്യ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തുടര്‍ന്ന് രാം രാജ്യ ജില്ലാ പോലീസ് സൂപ്രണ്ട് സല്‍മന്തജ് ജഫേര്‍തജ് പാട്ടീലിനെ വിളിച്ചെന്നും എന്നാല്‍ വിഷയം പ്രാദേശിക പോലീസ് സ്‌റ്റേഷനില്‍ തന്നെ തീര്‍ക്കാനായിരുന്നു എസ്.പി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ പാട്ടീല്‍ ഇക്കാര്യം നിഷേധിച്ചു. തന്നെ ഇത്തരത്തില്‍ ഒരാളും വിളിച്ചിട്ടില്ലെന്നും കോണ്‍സ്റ്റബിളായ സത്യജിതിന് ആക്രമണത്തെ കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നോ എന്ന കാര്യം അന്വേഷിച്ച് നടപടിയെടുക്കുമെന്നും എസ്.പി പറഞ്ഞു.

ആക്രമണം ഒരു മണിക്കുറോളം നീണ്ടു നിന്നു. 11 മണി മുതല്‍ 11.30 വരെയുള്ള സമയത്തെല്ലാം താന്‍ 100, 1076 എന്നീ നമ്പറുകളില്‍ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരുന്നുവെന്നും രാം രാജ്യ പറയുന്നു. എന്നാൽ 30 കിലോ മീറ്റര്‍ അകലെയുള്ള ഘോരാവല്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പോലീസ് എത്തിയത്. അവര്‍ ആംബുലന്‍സുമായാണ് വന്നതും. പരിക്കേറ്റ ചിലരെ അതിലും ബാക്കിയുള്ളവരെ പോലീസ് ജീപ്പിലുമായി കൊണ്ടു പോയി. യജ്ഞ ദത്തും ബാക്കിയുള്ളവരും അപ്പോഴേക്കും സ്ഥലത്തു നിന്ന് രക്ഷപെട്ടിരുന്നുവെന്നും രാം രാജ്യ പറയുന്നു.

യജ്ഞ ദത്ത് ഉള്‍പ്പെടെ 29 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 പേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നും പോലീസ് പറയുന്നു. രാവിലെ തന്നെ ഗ്രാമത്തില്‍ നിരവധി പേര്‍ തടിച്ചു കൂടുന്നത് തങ്ങളുടെ ശ്രദ്ധയിപ്പെട്ടിരുന്നുവെന്ന്  ദൃക്‌സാക്ഷികള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഭൂമി തര്‍ക്കം സംബന്ധിച്ച് അധികാരികള്‍ ആരെങ്കിലും ചര്‍ച്ചയ്ക്ക് വന്നിട്ടുണ്ട് എന്നാണ് തങ്ങള്‍ കരുതിയതെന്നും എന്നാല്‍ കുറച്ചു കഴിഞ്ഞാണ് നിരവധി ട്രാക്ടറുകളിലായി നൂറോളം പേരുമായി ഗ്രാമമുഖ്യന്‍ എത്തിയതാണെന്നും മനസിലായതെന്നും അവര്‍ പറയുന്നു. “11 മണിയോടു കൂടി അവര്‍ വെടിവയ്പും ആരംഭിച്ചു. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ല. അവരുടെ പക്കല്‍ 10-12 തോക്കുകള്‍ ഉണ്ടായിരുന്നു”– സംഭവവസ്ഥലത്തുണ്ടായിരുന്ന ബസന്ത് ലാല്‍ ഗോണ്ട് പറയുന്നു.

ആക്രമണം തുടങ്ങിയപ്പോള്‍ കൃഷിഭൂമിക്ക് സമീപത്തു തന്നെയുള്ള ഒരു പൈപ്പിനുള്ളില്‍ കയറി രക്ഷപെടാന്‍ നിരവധി പേര്‍ ശ്രമിച്ചെന്ന് രാം ബാലി പറയുന്നു. എന്നാല്‍ യജ്ഞ ദത്ത് ഒരു വശത്ത് തോക്കുമായി ഒരാളെ നിര്‍ത്തി. മറുഭാഗത്തു നിന്ന് വടികള്‍ ഉപയോഗിച്ച് പൈപ്പിനുള്ളില്‍ കയറിയവരെ കുത്തി പുറത്തു ചാടിച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. ഒരാള്‍ ട്രാക്ടറില്‍ നിന്ന് തോക്കുകള്‍ നിറച്ച് കൊടുത്തു കൊണ്ടിരുന്നുവെന്നും ബാലി പറയുന്നു. വെടിയേറ്റ മൂന്ന് സ്ത്രീകള്‍ അടക്കം ഒമ്പതു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലും വച്ച് മരിച്ചു.

വെടിവയ്പ്പ് നടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും വിഷയം കാര്യമായി പുറംലോകത്തെത്തിയിരുന്നില്ല. തുടര്‍ന്നാണ് സോന്‍ഭദ്ര കൂടി ഉള്‍പ്പെടുന്ന കിഴക്കന്‍ യു. പിയുടെ ചുമതലയുള്ള കോൺഗ്രസ്സ് ജനറൽ സെക്രെട്ടറി പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ എത്തുന്നത്. വാരണാസിയില്‍ ആശുപത്രിയിലെത്തി അവിടെയുള്ളവരെ കണ്ട ശേഷം സോന്‍ഭദ്രയിലേക്ക് തിരിച്ച അവരെ അതിര്‍ത്തി ജില്ലയില്‍ വച്ച് പോലീസ് തടഞ്ഞു. സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട് എന്നതായിരുന്നു കാരണം. എന്നാല്‍ അവര്‍ റോഡ് സൈഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അവര കസ്റ്റഡിയിലെടുത്ത് സമീപത്തുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. ഇരകളെ കാണാന്‍ അനുവദിക്കാതെ തിരികെ പോകില്ലെന്ന് വ്യക്തമാക്കി അവര്‍ ഗസ്റ്റ് ഹൗസില്‍ തന്നെ കഴിഞ്ഞതോടെയാണ് വിഷയം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയിലെത്തിയത്. അന്ന് രാത്രി ഇവര്‍ കഴിഞ്ഞ ഗസ്റ്റ് ഹൗസിലെ വൈദ്യുതിയും വെള്ളവും നിര്‍ത്തിവച്ചും ജില്ലാ ഭരണകൂടം പ്രിയങ്കയേയും കൂട്ടരേയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ കൂട്ടാക്കിയില്ല.

ഭൂമി തർക്കത്തിന്റെ ചരിത്രം ഇങ്ങനെ

1955 മുതല്‍ തുടങ്ങുന്നതാണ് 90 ബിഗ (36 ഏക്കര്‍) വരുന്ന ഈ ഭൂമിയുമായി ബന്ധപ്പെട്ട വ്യവഹാര കാര്യങ്ങള്‍. അന്ന് സ്ഥലത്തെ പ്രമുഖ സ്ഥലമുടമകളായ ഒരു കുടുംബം അവരുടെ കുടുംബക്കാര്‍ തന്നെ ഉള്‍പ്പെടുന്ന ഒരു സഹകരണ സംഘം രൂപീകരിച്ച് ഭൂമി അതിന് കൈമാറി. സര്‍ക്കാര്‍ നടപ്പാക്കിയ പ്രത്യേക പദ്ധതി പ്രകാരമായിരുന്നു ഇത്. ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ കൃഷി ചെയ്തിരുന്ന സ്ഥലം കൂടിയായിരുന്നു ഇത്. തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ആദര്‍ശ് കൃഷി സഹകാരി സമിതിക്ക് എല്ലാ വര്‍ഷവും വാടക ഇനത്തില്‍ പണം നല്‍കിക്കൊണ്ട് ഇവര്‍ കൃഷി തുടര്‍ന്നു. 1966-ല്‍ ഈ പദ്ധതി ഇല്ലാതായെങ്കിലും ഭൂമി സര്‍ക്കാരിലേക്ക് പോകുന്നതിനു പകരം ഇതേ കുടുംബം തന്നെ ഏറ്റെടുത്തു. ഈ സമയത്ത് രേഖകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട് തുടങ്ങിയ വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. 1989-ല്‍ ഇവര്‍ ഈ ഭൂമി കുടുംബത്തിലെ തന്നെ മറ്റു രണ്ടു പേര്‍ക്ക് വിറ്റു. ബീഹാര്‍ കേഡറിലുള്ള ഒരു ഐഎഎസ് ഓഫീസറുടെ ഭാര്യയുടേയും അമ്മയുടേയും പേരിലായിരുന്നു ഇത്. ഇവര്‍ ഇത് 2010-ല്‍ ഗ്രാമമുഖ്യന് വിറ്റു എന്നുമാണ് രേഖകള്‍.

എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷം വരെ ഓരോ ബിഗ ഭൂമിക്ക് വര്‍ഷം 3000 രൂപ വച്ച് സഹകരണ സംഘത്തിന് വാടക ഇനത്തില്‍ നല്‍കിയിരുന്നു എന്നും ഒരാള്‍ വന്ന് ഇത് കൈപ്പറ്റിയിരുന്നുവെന്നും ഗോണ്ടുകള്‍ പറയുന്നു. യജ്ഞ ദത്ത് ഇത് വാങ്ങിയതോടെ അയാള്‍ പണം ശേഖരിക്കാന്‍ എത്താതായി. അപ്പോള്‍ മാത്രമാണ് ഭൂമി വിറ്റ കാര്യം ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ അറിയുന്നത്. തലമുറകളായി തങ്ങള്‍ കൃഷി ചെയ്തു വന്നിരുന്ന സ്ഥലം വിട്ടു തരണമെന്ന് ഇവര്‍ കാലങ്ങളായി അധികൃതരോട് ആവശ്യപ്പെട്ടിരുന്നതുമാണ്. യജ്ഞ ദത്ത് സ്ഥലം വാങ്ങിയതോടെ ഇത് ഏറ്റെടുക്കാനുള്ള ശ്രമവും ആരംഭിച്ചു. ആദ്യ തവണ സ്ഥലമേറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗോണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ കോടതിയെ സമീപിച്ചു. ഇതിന്റെ നിയമനടപടികള്‍ തുടര്‍ന്നു വരികയാണ്. ഇതിനിടെ യജ്ഞ ദത്തും സംഘവും വീണ്ടും ബലമായിി സ്ഥലമേറ്റെടുക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് പോലീസെത്തി ഇവരെ വിലക്കുകയും ചെയ്തിരുന്നു.

Read more

തങ്ങളെ കള്ളക്കേസില്‍ കുടുക്കുമെന്നതടക്കം നിരന്തരം ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഗോണ്ട് വിഭാഗത്തിലുള്ളവര്‍ പറയുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച സംഘമായി എത്തി ഇവര്‍ വെടിയുതിര്‍ത്തതും 10 പേരെ കൊലപ്പെടുത്തിയതും. ഒ.ബി.സി വിഭാഗമായ ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ടയാളാണ് യജ്ഞ ദത്ത്. ഇവര്‍ സ്ഥലത്തെ പ്രമുഖ ഭൂവുടമകള്‍ കൂടിയാണ്. ഗോണ്ടുകള്‍ ആദിവാസികളാണെങ്കിലും യുപിയില്‍ ഇവരെ ദളിത്‌ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉത്തര്‍ പ്രദേശ് അടക്കം ഉത്തരേന്ത്യയില്‍ നിലനില്‍ക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടേയും ജാതി സംഘര്‍ഷങ്ങളുടേയും ഏറ്റവുമൊടുവിലുത്തെ ഉദാഹരണമായാണ് ഈ സംഭവത്തെ വിശേഷിപ്പിക്കപ്പെടുന്നത്.