"ഹൈദരാബാദിന്റെ പേരുമാറ്റാൻ കഴിയുമോ എന്ന് ചിലർ ചോദിക്കുന്നു, എന്തുകൊണ്ട് സാധിക്കില്ല?": യോഗി ആദിത്യനാഥ്

അടുത്തയാഴ്ച നടക്കുന്ന ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നഗരത്തിന്റെ പേര് ഭാഗ്യനഗർ എന്നാക്കി മാറ്റാൻ ബിജെപിയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച്‌ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന റാലിയിൽ പങ്കെടുക്കുകയായിരുന്നു ആദിത്യനാഥ്.

ഹൈദരാബാദിൽ വികസനത്തിന്റെ അഭാവത്തിന് കാരണം ഭരണകക്ഷിയായ ടിആർഎസിന്റെയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെയും സഖ്യമാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

“ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യാമോ എന്ന് ചിലർ എന്നോട് ചോദിച്ചു. – എന്തുകൊണ്ട് സാധിക്കില്ല?” ആദിത്യനാഥ് പറഞ്ഞു. “ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഞങ്ങൾ ഫൈസാബാദിനെ അയോദ്ധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും പുനർനാമകരണം ചെയ്തു. എന്തുകൊണ്ട് ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്തുകൂടാ?”ആദിത്യനാഥ് ചോദിച്ചു.