സുരക്ഷാ ഉദ്യോഗസ്ഥനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവാരാജ് സിംഗ് ചൗഹാന്‍ നടുറോഡിലിട്ട് തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ദാര്‍ ജില്ലയിലെ സര്‍ദാര്‍പുരില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച നടന്ന റാലിക്കിടെയാണ് സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി അകാരണമായി മര്‍ദ്ദിക്കുന്നത്. ജനുവരി നാലിനായിരുന്നു സംഭവം.

മുഖ്യമന്ത്രി മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം വന്‍വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. റാലി നടക്കുന്നതിനിടെ ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് സുരക്ഷാജീവനക്കാരനെ മുഖ്യമന്ത്രി തല്ലുന്നത്. ശിവ്‌രാജ് സിംഗ് ചൗഹാന്‍ സുരക്ഷാജീവനക്കാര്‍ക്കെതിരെ മോശമായി പെരുമാറുന്നത് ഇതാദ്യമല്ല. 2016 ആഗസ്തില്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ സുരക്ഷാഉദ്യോഗസ്ഥരെക്കൊണ്ട് ഇദ്ദേഹത്തെ ചുമലിലേറ്റി നടത്തിച്ചിരുന്നു.

അതേസമയം, സുരക്ഷാ ഉദ്യോഗസ്ഥനെ പൊതുസ്ഥലത്ത് മര്‍ദ്ദിച്ചതില്‍ മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആംആദ്മി പാര്‍ട്ടി മുഖ്യമന്ത്രിക്കെതിരെ പൊലീസിലിന് പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ സംഭവത്തില്‍ മുഖ്യമന്ത്രിയോ മര്‍ദ്ദനമേറ്റ സുരക്ഷാ ഉദ്യോഗസ്ഥനോ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.