ദേശീയ പൗരത്വ ബില്‍: വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ എം.പിമാര്‍ക്ക് ശിവസേനയുടെ നിര്‍ദ്ദേശം

രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലില്‍ നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എംപിമാര്‍ക്ക് ശിവസേനയുടെ നിര്‍ദേശം. എന്‍.ഡി.ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ലോക്സഭയില്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത ശിവസേന, മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയതെന്നാണ് സൂചന.

ബില്ലില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകളില്‍ തൃപ്തരല്ലെന്ന നിലപാടില്‍ ശിവസേന ഉറച്ചുനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ബില്ലുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മറുപടി ലഭിക്കാതെ രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കില്ലെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബില്ലിനെ പിന്തുണച്ച് ലോക്സഭയില്‍ വോട്ട് ചെയ്ത സഖ്യ കക്ഷിയായ ശിവസേനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു താക്കറെയുടെ പ്രതികരണം.

കാര്യങ്ങള്‍ വ്യക്തമാകാതെ ഞങ്ങള്‍ രാജ്യസഭയില്‍ പിന്തുണ നല്‍കില്ല. രാജ്യസഭയില്‍ ബില്‍ എത്തുമ്പോള്‍ മാറ്റങ്ങള്‍ വരുത്തിയേ തീരൂ. ബില്ലിനെ അനുകൂലിക്കുന്നവരെല്ലാം രാജ്യസ്‌നേഹികളും എതിര്‍ക്കുന്നവരെല്ലാം രാജ്യദ്രോഹികളുമാണെന്ന കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടിയിരിക്കുന്നു. ബില്ലുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും സര്‍ക്കാര്‍ മറുപടി പറഞ്ഞേ മതിയാകൂ എന്നും താക്കറെ പറഞ്ഞിരുന്നു.

ശിവസേനയുടെയടക്കം പിന്തുണയോടെയാണ് കഴിഞ്ഞ ദിവസം ലോക്സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയത്. ബില്‍ രാജ്യത്ത് ഒരു അദൃശ്യവിഭജനത്തിന് വഴിവെക്കുമെന്ന് ശിവസേന മുഖപത്രം സാമ്ന ആശങ്കപ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ബില്‍ ലോക്സഭയിലെത്തിയപ്പോള്‍ അവര്‍ പിന്തുണക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ സഖ്യത്തില്‍ അസ്വാരസ്യം ഉടലെടുത്തു.

വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ രാജ്യസഭയുടെ മേശപ്പുറത്തു വെച്ചത്. രാത്രി എട്ടുവരെയാണ് രാജ്യസഭയില്‍ പൗരത്വബില്ലിന്മേല്‍ ചര്‍ച്ച. നിലവില്‍ 238 അംഗങ്ങളാണ് സഭയിലുള്ളത്. ബില്‍ പാസാവാന്‍ 120 പേരുടെ പിന്തുണ വേണം. ബി.ജെ.പി.യുടെ 83 സീറ്റടക്കം എന്‍.ഡി.എ.യ്ക്ക് നിലവില്‍ 105 അംഗങ്ങളാണുള്ളത്. എ.ഐ.എ.ഡി.എം.കെ.-11, ബി.ജെ.ഡി.-7, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്-2, ടി.ഡി.പി.-2 എന്നീ കക്ഷികളില്‍നിന്നായി 22 പേരുടെ കൂടി പിന്തുണയുണ്ടെന്നാണു ബി.ജെ.പി. വൃത്തങ്ങള്‍ പറയുന്നത്. എങ്കിദേല്‍ 127 പേരുടെ പിന്തുണയാവും.