മുങ്ങുന്ന കപ്പലില്‍ നിന്നും അവസാനം ഇറങ്ങേണ്ട ആളാണ് ക്യാപ്റ്റന്‍, രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍

കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍. സ്വാതന്ത്ര്യത്തിന് ശേഷം കോണ്‍ഗ്രസ് പിരിച്ചു വിടണമെന്ന ഗാന്ധിജിയുടെ ആവശ്യം നിറവേറ്റി കൊണ്ടിരിക്കുന്ന വ്യാജ ഗാന്ധിയാണ് രാഹുല്‍ ഗാന്ധിയെന്നാണ് ചൗഹാന്റെ പരിഹാസം.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെയ്ക്കുകയും നിലവിലെ രാഷ്ട്രീയ പ്രതിസന്ധികളില്‍ കോണ്‍ഗ്രസ് സുരക്ഷിതാവസ്ഥയിലല്ലാത്തതുമൊക്കെ കണക്കിലെടുത്താണ് ചൗഹാന്‍ ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്.

മുങ്ങുന്ന കപ്പലില്‍ നിന്ന് അവസാനം ഇറങ്ങേണ്ട വ്യക്തിയാണ് ക്യാപ്റ്റനെന്ന് രാഹുലിന്റെ രാജിയെ സൂചിപ്പിച്ച് ചൗഹാന്‍ പറഞ്ഞു. നാഗ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ചൗഹാന്റെ പ്രസ്താവന. പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെ ചൗഹാന്‍ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി വെന്റിലേറ്ററിലാണ്. ഇങ്ങനെയൊരു സാഹചര്യത്തില്‍ കൂടുതല്‍ ക്രിയാത്മകമായി ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍, രാഹുല്‍ ഗാന്ധി ചെയ്തത് ഓടിയൊളിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് ബി.ജെ.പി വെറുതെ സമയം കളയുകയല്ല ചെയ്യുന്നത്. കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് പാര്‍ട്ടി വിപുലീകരിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്റെ യൌവ്വനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു.