ബാലാകോട്ടില്‍ പിഴുതെറിഞ്ഞത് ഭീകരരെയോ അതോ തണല്‍ വ്യക്ഷങ്ങളെയോ; വ്യോമാക്രമണത്തിലെ മരണസംഖ്യയുടെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദുവിന്റെ ട്വീറ്റ്

ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണണത്തില്‍ 350 ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മന്ത്രിയുമായ നവജ്യോത് സിങ്ങ് സിദ്ദു. നിങ്ങള്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെയാണോ അതോ മരങ്ങളെയാണോ പിഴുതെറിഞ്ഞതെന്ന് സിദ്ദു ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പരിഹാസത്തോടെയുള്ള വിമര്‍ശനം.

‘300 ഭീകരര്‍ മരിച്ചു, ഇത് ശരിയോ തെറ്റോ? പിന്നെ എന്തായിരുന്നു ഉദ്ദേശ്യം? നിങ്ങള്‍ പിഴുതെടുത്തത് ഭീകരവാദികളെയോ അതോ മരങ്ങളെയോ? അതൊരു തിരഞ്ഞെടുപ്പ് തന്ത്രമായിരുന്നോ? ഇങ്ങനെ കേന്ദ്ര സര്‍ക്കാരിനെതിരെ ഒരുപാട് ചോദ്യങ്ങള്‍ സിദ്ദു ഉന്നയിച്ചു. വിശുദ്ധമായ സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബാലാകോട്ടെ ആക്രമണത്തില്‍ മരിച്ചവരുടെ കണക്ക് കേന്ദ്ര സര്‍ക്കാര്‍ ഊതി പെരുപ്പിച്ചതാണെന്ന് വ്യക്തമാക്കി റോയിട്ടേഴ്സ് അടക്കമുള്ള അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതോടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇതിന്റെ നിജസ്ഥിതിക്കായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ഇതിനിടെ മരിച്ചവരുടെ കണക്ക് ഇപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ലെന്ന് വ്യോമസേനാ മേധാവി ബി.എസ് ധനോവ വ്യക്തമാക്കിയിരുന്നു.