സിദ്ദുവിന് പാക് ബന്ധം, രാജ്യ സുരക്ഷയ്ക്ക് ഭീഷണി; മുഖ്യമന്ത്രിയാക്കിയാൽ എതിർക്കുമെന്ന് അമരീന്ദർ സിം​ഗ്

കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ നവ്ജ്യോത് സിം​ഗ് സിദ്ദുവിനെ പഞ്ചാബ് മുഖ്യയാക്കിയാൽ എതിർക്കുമെന്ന് രാജിവെച്ച മുഖ്യമന്ത്രി അമരീന്ദർ സിം​ഗ്.

സിദ്ദുവിന് പാക് ബന്ധം ഉണ്ടെന്നും സിദ്ദു രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നും അമരീന്ദർ സിം​ഗ് ആരോപിച്ചു. സിദ്ദു ഒരു ദുരന്തമാണെന്നും അമരീന്ദർ സിംഗ് തുറന്നടിച്ചു.

പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്ജ്യോത് സിം​ഗ് സിദ്ദുവുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഇന്ന് രാജിവച്ചത്.

രാജ്ഭവനിലെത്തി ഗവർണർക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ക്യാപ്‌നൊപ്പം മൂന്ന് എംപിമാരും ഏഴ് മന്ത്രിമാരും 25 എംഎൽഎമാരും കത്ത് രാജ്ഭവനിലെത്തി. അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത് നൽകിയതിന് പിന്നാലെയാണ് രാജി.

അതേസമയം പുതിയ മുഖ്യമന്ത്രിയെ സോണിയ ഗാന്ധി തീരുമാനിക്കട്ടെയെന്ന് നിയമസഭ കക്ഷി യോഗം പ്രമേയംപാസാക്കി. പുതിയ മുഖ്യമന്ത്രിയെക്കുറിച്ച അന്തിമ തീരുമാനം ഹൈകമാൻഡിന്റേതാണ് എന്നതാണ് പ്രമേയങ്ങളുടെ ഉള്ളടക്കം.