2014-ല്‍ വരവ് ഗംഗയുടെ മകനായി, 2019 ല്‍ മടക്കം റഫാല്‍ ഏജന്റായി; മോദിയെ ട്രോളി നവജ്യോത് സിംഗ് സിദ്ദു

ഉരുളക്കുപ്പേരി പോലുള്ള ട്രോളുകളുമായി തിരഞ്ഞെടുപ്പ് റാലികളില്‍ നിരന്തരം ആരാധകരെ വശീകരിക്കുന്ന ക്രിക്കറ്ററും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു നരേന്ദ്രമോദിയെ പരിഹസിച്ച് വീണ്ടും. 2014- ലെ ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ഗംഗയുടെ മകനാണ് താന്‍ എന്ന് പറഞ്ഞായിരുന്നു മോദിയുടെ വരവെന്നും എന്നാല്‍ 2019- ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ മോദിയുടെ മടക്കം റഫാല്‍ ഏജന്റായിട്ടാണെന്നും സിദ്ദു പറഞ്ഞു. തുറന്ന സംവാദത്തിന് വീണ്ടും സിദ്ദു മോദിയെ വെല്ലു വിളിച്ചു.

സ്വയം അഴിമതി നടത്തിയിട്ടില്ലെന്നും അതിന് ആരേയും അനുവദിച്ചിട്ടില്ലെന്നും മോദി തന്നെ അവകാശപ്പെടാറുള്ള വിഷയത്തില്‍ സംവാദത്തിന് താന്‍ തയ്യാറാണെന്നും പരാജയപ്പെട്ടാല്‍ എന്നന്നേക്കുമായി രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നും പഞ്ചാബ് മന്ത്രിയും കൂടിയായ സിദ്ദു വെല്ലുവിളിച്ചു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ഏറ്റവും വലിയ കള്ളനാണ് മോദിയെന്നും സിദ്ദു പറഞ്ഞു. ഫേക്കു നമ്പര്‍ വണ്‍ എന്നായിരുന്നു അദ്ദേഹം മോദിയെ വിശേഷിപ്പിച്ചത്.

തിരഞ്ഞെടുപ്പ് വേളയില്‍ മോദി നല്‍കിയ 342 ഓളം വാഗ്ദാനങ്ങള്‍ പാലിച്ചില്ല. ഇനി ഒരു തവണ കൂടി അധികാരത്തിലെത്തുമെന്ന് മോദി സ്വപ്നം കാണുക പോലും വേണ്ടെന്നും സിദ്ദു പറഞ്ഞു.