ഡി.സി.സി അദ്ധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടിക; പരാതിയിൽ അതൃപ്തി അറിയിച്ച് സോണിയ ​ഗാന്ധിയും

ഡിസിസി അദ്ധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടിക സംബന്ധിച്ച പരാതികളിൽ അതൃപ്തിയുമായി രാഹുല്‍ ഗാന്ധിക്ക് പിന്നാലെ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും. മുതിർന്ന നേതാക്കൾ നൽകിയ പരാതിയിലാണ് സോണിയ ഗാന്ധി അതൃപ്തി അറിയിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് സോണിയ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് തേടി

എല്ലാവരെയും പരിഗണിച്ച് മുന്നോട്ടു പോകണമെന്നും സോണിയ ഗാന്ധി നിര്‍ദേശം നല്‍കിയതായാണ് റിപ്പോർട്ട്. പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച തുടരുകയാണെന്ന് താരിഖ് അൻവർ പ്രതികരിച്ചു. രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

വനിതാ പിന്നോക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലാത്ത പട്ടിക അംഗീകരിക്കാൻ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് രാഹുൽ ഗാന്ധി. പട്ടിക പുനഃപരിശോധിക്കാനും രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടി. ഇതോടെ കേരളത്തിൽ എ, ഐ ഗ്രൂപ്പുകൾക്ക് പുറമെ മൂന്നാം ഗ്രൂപ്പുണ്ടാക്കാനുള്ള കെ സുധാകരൻ, വി.ഡി സതീശൻ എന്നിവരുടെ നീക്കത്തിന് തിരിച്ചടി ഉണ്ടായിരിക്കുകയാണ്. അതിനിടെ എം.പിമാരുടെ നോമിനികളെ മാത്രം തിരുകിക്കയറ്റിയെന്ന ആക്ഷേപം ഗ്രൂപ്പ് നേതാക്കളും ഉന്നയിക്കുണ്ട്.

അതേസമയം, പാലക്കാട് ഡി സി സി അദ്ധ്യക്ഷനെ ചൊല്ലി തർക്കം ഉള്ളതായി തനിക്ക് അറിവില്ല എന്നു എ. വി ഗോപിനാഥ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. തനിക്കെതിരെയുള്ള പ്രചാരണങ്ങളെ പറ്റി ശ്രദ്ധിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് താൻ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ കോണ്ഗ്രസിന് ഗുണം ചെയ്യുകയേ ഉള്ളു. ഡി സി സി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചാൽ കോൺ​ഗ്രസ് പ്രവർത്തകൻ എന്ന നിലയിൽ സ്ഥാനം ഏറ്റെടുക്കുമെന്നും എ വി ഗോപിനാഥ് പറഞ്ഞതായാണ് റിപ്പോർട്ട്.