ഗോവയില്‍ നടന്നത് അധികാരത്തിന് വേണ്ടിയുള്ള നാണംകെട്ട കളി; ബി.ജെ.പിക്കെതിരെ ശിവസേന

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സഖ്യത്തിലായിട്ടും ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. മനോഹര്‍ പരീക്കറിന്റെ മരണത്തിന് പിന്നാലെ ഗോവയില്‍ ബിജെപി നടത്തിയ രാഷ്ട്രീയ നാടകത്തെ വിമര്‍ശിച്ചാണ് ശിവസേന രംഗത്തെത്തിയത്. ഗോവയിലെ രാഷ്ട്രീയാന്തരീക്ഷത്തെ ജനാധിപത്യത്തിന്റെ ദാരുണ മുഖം എന്നായിരുന്നു ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ വിശേഷിപ്പിച്ചത്.

“ഗോമന്തകിന്റെ മണ്ണിലേക്ക് പരീക്കറിന്റെ ഭൗതികാവശിഷ്ടം ചേരുന്നതിന് മുമ്പെ അധികാരത്തിന്റെ നാണംകെട്ട കളി ആരംഭിച്ചിരുന്നു”- സാമ്‌ന മുഖപ്രസംഗത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി.

അര്‍ദ്ധരാത്രിയിലും തുടര്‍ന്ന് നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ ആയിരുന്നു ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു സത്യപ്രതിജ്ഞ. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളുമായി നടത്തിയ ചര്‍ച്ചയിലാണ് സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.

അധികാരം നിലനിര്‍ത്താന്‍ ബിജെപിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയായിരുന്നു പ്രമോദ് സാവന്തിനെ നിര്‍ദ്ദേശിക്കുന്നത്. ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്.