വി.എച്ച്.പി കണ്ണുരുട്ടി, വാക്ക് മാറി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഇപ്പോൾ പരിഗണനയിലില്ലെന്ന് വ്യക്തമാക്കി. ശിവസേന. മുസ്ലിങ്ങള്‍ക്കു സംവരണം നല്‍കുവാനുള്ള നീക്കത്തിനെതിരെ വിശ്വഹിന്ദുപരിഷത് (വി.എച്ച്.പി) രംഗത്തെത്തിയതിനു പിന്നാലെയാണ് ശിവസേനയുടെ വിശദീകരണം.നേരത്തെ മുസ്ലിങ്ങൾക്ക് 5 ശതമാനം ഏർപ്പെടുത്തുമെന്ന് നിയമസഭയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു.

” മതാടിസ്ഥാനത്തില്‍ മുസ്ലിങ്ങൾക്ക് സംവരണം നല്‍കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. മുസ്‌ലിങ്ങളെ പ്രീതിപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനം ശിവസേന നയിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ല. ഇത് ഹിന്ദുസമൂഹത്തിന്റെ പ്രതീക്ഷയാണ്” വിശ്വഹിന്ദു പരിഷത് ട്വീറ്റ് ചെയ്തു. ഇതിനു മറുപടിയായാണ് അത്തരത്തിലൊരു വിഷയവും പരിഗണനയിലില്ലെന്ന് ശിവസേനയുടെ കമ്മ്യൂണിക്കേഷന്‍ സെല്‍ വിശദീകരണ കുറിപ്പ് ഇറക്കിയത്.

വിദ്യാഭ്യാസ മേഖലയില്‍ മുസ്ലിങ്ങള്‍ക്ക് 5 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രി നവാബ് മാലിക്ക് പ്രസ്താവിച്ചിരുന്നു. 2014- ൽ മുസ്ലിങ്ങള്‍ക്കു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയത് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു. മുസ്ലിങ്ങള്‍ക്ക് അഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉടന്‍ നിയമം കൊണ്ടു വരുമെന്നായിരുന്നു നവാബ് മാലിക് നിയമസഭയിൽ പറഞ്ഞത്.