ബിജെപിയെ വെല്ലുവിളിച്ച് ശിവസേന; രാഹുലിനെ പപ്പുവെന്ന് വിളിച്ചയാളെ പുറത്താക്കാനുള്ള ധൈര്യമുണ്ടോ?

ബിജെപിയെ വെല്ലുവിളിച്ച് ശിവസേന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കീഴാളന്‍ എന്നു വിളിച്ചതിന്റെ പേരില്‍ മണിശങ്കര്‍ അയ്യറിനെ പുറത്താക്കി കോണ്‍ഗ്രസ് കാണിച്ച ധൈര്യം ബിജെപിക്ക് ഉണ്ടോയെന്ന് ശിവസേനാ നേതാവ് മനീഷ കയന്തെ. മണി ശങ്കര്‍ അയ്യറിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ്സ് ധൈര്യം കാണിച്ചു. അതേ ധൈര്യത്തോടെ രാഹുല്‍ ഗാന്ധിയെ “പപ്പു” എന്നു വിളിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബി.ജെ.പിക്കാകുമോ എന്നാണ് മനീഷ കയന്തെ ചോദിച്ചത്.

നരേന്ദ്രമോഡിയെ തരംതാഴ്ന്നവനെന്ന് ആക്ഷേപിച്ചതില്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരെ പാര്‍ട്ടി പുറത്താക്കിയിരുന്നു. മോഡി തരംതാഴ്ന്ന, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത് എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.

ഗുജറാത്ത് രെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ നിര്‍മിതിക്കായി ഡോ. ബി ആര്‍ അംബേദ്കര്‍ നല്‍കിയ സംഭാവനകളെ കുറിച്ച് മോഡി സംസാരിച്ചതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അംബേദ്കറിന്റെ പരിശ്രമങ്ങളെ തഴയാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അത് വിജയിച്ചില്ലെന്നുമുള്ള മോഡിയുടെ പ്രസ്താവനയാണ് മണിശങ്കര്‍ അയ്യരെ ചൊടിപ്പിച്ചത്.

പ്രധാനമന്ത്രി പദവിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടി ബഹുമാനിക്കുന്നു എന്നും പ്രധാനമന്ത്രി പദവിയെ അവഹേളിക്കാന്‍ കോണ്‍ഗ്രസ്സിനുള്ളിലെ ആരെയും അനുവദിക്കില്ല എന്നും അതിനാലാണ് മണിശങ്കര്‍ അയ്യര്‍ക്കെതിരെ തങ്ങള്‍ ശക്തമായ നടപടി കൈക്കൊണ്ടതെന്നുമാണ് സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

ബിജെപിയും ശിവസേനയും എന്‍ഡിഎയുടെ ഭാഗമാണെങ്കിലും ബിജെപിയുടെ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാടുകളാണ് ശിവസേന കഴിഞ്ഞ നാളുകളിലായി സ്വീകരിച്ചു വരുന്നത്. മോഡിയെയും അമിത് ഷായെയും പരസ്യമായി കുറ്റപ്പെടുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നത് ശിവസേനാ നേതാക്കള്‍ക്ക് പതിവാണ്.