മൂന്നു വയസുകാരി ഷെറിന്‍ മാത്യൂ ക്രൂരമര്‍ദ്ദനത്തിന് ഇരയായിരുന്നു; ഡോക്ടറുടെ വെളിപ്പെടുത്തല്‍

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂ ക്രൂരപീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി. പലതവണയായി എല്ലുകള്‍ക്ക് ക്ഷതം പറ്റിയതായി  ശിശുരോഗ വിദഗ്ധ ഡോ. സൂസണ്‍ ദകിലാണ് കോടതിയില്‍ മൊഴി നല്‍കിയത്.

ഷെറിന്‍ മാത്യൂസിനെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലും കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ആശുപത്രിയിലാക്കിയിരുന്നതായാണ് സൂസണ്‍ കോടതിയില്‍ പറഞ്ഞത്.  2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ നടത്തിയ നിരവധി എക്സറെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്സൂസണ്‍ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. സംഭവത്തില്‍ വിശദമായ പരിശോധന നടന്നുവരികയാണ്.

ഷെറിന്‍ മാത്യൂവിന്റെ തുടയെല്ല്, കാല്‍മുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടര്‍ സ്ഥിരീകരിച്ചത്. ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുന്‍പ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും  ഡോക്ടര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ദത്തെടുത്തതിന് ശേഷമാണ് കുട്ടിക്ക് ഇത്തരത്തിലുള്ള ക്ഷതങ്ങള്‍ സംഭവിച്ചതെന്നും സൂസണ്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനാണ് ടെക്സാസിലെ വീട്ടില്‍ നിന്നാണ് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുള്ള ഷെറിനെ കാണാതായത്. പിന്നീട്, വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള കലുങ്കില്‍ നിന്ന് കുട്ടിയുടെ  മൃതദേശം കണ്ടെത്തുകയും സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യുവിനെയും വളര്‍ത്തമ്മ സിനിയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്.

പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് വെസ്ലി പൊലീസിന് ആദ്യം നല്‍കിയിരുന്ന മൊഴി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി കലുങ്കില്‍ ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഡല്ലാസ് കൗണ്ടി ജയിലിലാണ് നിലവില്‍ വെസ്‌ലി. അതേസമയം, കുട്ടിയെ സംരക്ഷിക്കുന്നതില്‍ ഗുരുതര വീഴ്ച പറ്റിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിനി അറസ്റ്റിലാകുന്നത്.

കേസുമായി ബന്ധപ്പെട്ട് വാദം ചൊവ്വാഴ്ച വീണ്ടും നടക്കും. രണ്ട് സാക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാകും കേസിലെ അടുത്ത വിചാരണ.