ഷീല ദീക്ഷിത് ഓർമയായി, അന്ത്യവിശ്രമം യമുനയുടെ തീരത്ത്

ഡൽഹി  മുന്‍  മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഷീല ദീക്ഷിതിന്‍റെ മൃതദേഹം സംസ്ഥാന ബഹുമതിയോടെ സംസ്കരിച്ചു. യമുനയുടെ തീരത്തെ നിഗംബോധ് ഘട്ടില്‍ നൂറുകണക്കിന് ആളുകളെ സാക്ഷിയാക്കിയായിരുന്നു സംസ്കാരം. ഉച്ചയോടെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ എത്തിയിരുന്നു.

ഇന്നലെ വൈകീട്ട് അന്തരിച്ച ഷീല ദീക്ഷിതിന്‍റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര രാവിലെ 11.30 നാണ് തുടങ്ങിയത്. നിസാമുദ്ദീനിലെ വീട്ടില്‍ നിന്നും പുറപ്പെട്ട് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് എത്തിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഐഎഐസി ആസ്ഥാനത്ത് കോണ്‍ഗ്രസ്സിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി പൊതുദര്‍ശനത്തിന് വെച്ചു.

നേരത്തെ നിരവധി പ്രമുഖ നേതാക്കൾ അവർക്ക് അന്തിമോപചാരം അർപ്പിക്കുന്നതിന് എ ഐ സി സി ആസ്ഥാനത്ത് എത്തി. ഡൽഹിയിൽ രണ്ടു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യു പി എ അധ്യക്ഷ സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്സുഷമ സ്വരാജ്, എൽ കെ അഡ്വാനി, മുൻ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി. കേരളസര്‍ക്കാരിന് വേണ്ടി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പുഷ്പചക്രം അര്‍പ്പിച്ചു.