'ഇതു പോലുള്ള തെമ്മാടികള്‍ എന്റെ മതത്തെ പ്രതിനിധീകരിക്കുന്നില്ല', വിദ്വേഷപ്രസംഗത്തിന് എതിരെ ശശി തരൂര്‍

മുസ്ലീം സ്ത്രീകള്‍ക്ക് നേരെ ബലാത്സംഗ ഭീഷണി മുഴക്കുന്ന ഒരു പുരോഹിതന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍ എംപി. ഇത്തരം തെമ്മാടികള്‍ തന്റെ മതത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഇത്തരം ആളുകളെ തള്ളിക്കളയുന്നു. അവര്‍ എവിടെയും തങ്ങള്‍ക്കുവേണ്ടിയോ ഹിന്ദുക്കള്‍ക്കുവേണ്ടിയോ സംസാരിക്കുന്നില്ലെന്നും തരൂര്‍ കുറിച്ചു.

ഒരു ഹിന്ദു എന്ന നിലയില്‍ മുസ്ലീം സുഹൃത്തുക്കളോട് തനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും ഇതു പോലുള്ള തെമ്മാടികള്‍ തന്റെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്നതല്ല. അവര്‍ അവര്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്ന് തരൂര്‍ വ്യക്തമാക്കി. ഹിന്ദുക്കളില്‍ ബഹു ഭൂരിപക്ഷവും ഇത്തരം ആളുകളെ തള്ളിക്കളയുക മാത്രമല്ല അവരൊന്നും തങ്ങളില്‍ പെട്ടവരല്ല എന്ന നിലപാട് ഉള്ളവരാണഅ.

ഉത്തര്‍പ്രദേശിലെ ഖൈരാബാദ് പട്ടണത്തിലുള്ള ഒരു ആശ്രമത്തിലെ പുരോഹിതനായ ബജ്റംഗ് മുനി ദാസാണ് വീഡിയോയില്‍ വിദ്വേഷ പ്രസംഗം നടത്തുന്നത്. സീതാപൂര്‍ ജില്ലയിലെ പള്ളിക്ക് പുറത്ത് ഒരു സമ്മേളനത്തെ അഭിസംബോധന ചെയത് സംസാരിക്കുന്നതിനിടെയാണ് പരാമര്‍ശം.

ഹിന്ദു പെണ്‍കുട്ടിയെ ഉപദ്രവിച്ചാല്‍ മുസ്ലിം സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുമെന്നും അവരെ ബലാത്സംഗം ചെയ്യുമെന്നുമാണ് ഭീഷണി. പൊലീസ് സാന്നിധ്യത്തിലാണ് ഭീഷണി മുഴക്കിയത്. എന്നാല്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാണ്.