മോദി വിമര്‍ശനം; 'നല്ല കാര്യങ്ങള്‍ അഭിനന്ദിച്ചാല്‍ മാത്രമേ വിമര്‍ശനങ്ങള്‍ക്ക് വിശ്വാസതയുണ്ടാവൂ' ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്ന നിലപാടുമായി ശശി തരൂര്‍ എം.പി. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മനു അഭിഷേക് സിഗ്വിയും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.

“കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇക്കാര്യം പറയുകയാണ്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂ” തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

മോദിക്കെതിരെയുള്ള വിമര്‍ശനത്തെക്കുറിച്ച് ജയറാം രമേശാണ് ആദ്യം രംഗത്തെത്തിയത്. പിന്തുണയുമായി അഭിഷേക് സിംഗ്‌വിയും രംഗത്തെത്തി.

“മോദി ചെയ്ത കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായി. 2014 മുതല്‍ 2019 വരെ മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണം. ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങള്‍ വോട്ട് ചെയ്ത് അദ്ദേഹം വീണ്ടും അധികാരത്തിലേറിയത്.” ജയറാം രമേശ് പറഞ്ഞു.

“മോദിയെ പൈശാചികമായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രി മാത്രമല്ല. ഏകപക്ഷീയമായ എതിര്‍പ്പ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ സഹായിക്കുന്നു. പ്രവൃത്തികളില്‍ എല്ലായ്‌പ്പോഴും നല്ലതും ചിത്തയുമൊക്കെയുണ്ട്.എന്നാല്‍ പ്രവൃത്തികളെ പ്രശ്‌നാധിഷ്ഠിതമായി വിലയിരുത്തണം. വ്യക്ത്യാധിഷ്ഠിതമാകരുത്. നല്ല പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ് ഉജ്ജ്വല പദ്ധതി.” ജയറാം രമേശിനെ ടാഗ് ചെയ്തുളള ട്വീറ്റില്‍ സിങ്‌വി പറഞ്ഞു.