മോദി വീണ്ടും അധികാരത്തിലെത്തുന്നതിനെ താന്‍ ഭയക്കുന്നുവെന്ന് ശരദ്പവാര്‍

മോദി വീണ്ടും അധികാരത്തിലെത്തുന്നതിനെ താന്‍ ഭയക്കുന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മഹാരാഷ്ട്രയിലെ ബരാമതിയില്‍ മകളുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കവേയാണ് പവാര്‍ ഇങ്ങനെ പറഞ്ഞത്. ബാരാമതിയിലെ സിറ്റിങ്ങ് എംപി കൂടിയാണ് സുപ്രിയ സുലേ.

മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും അറിയില്ലെന്ന് പവാര്‍ പറഞ്ഞു. അത് തന്നെ ഭയപ്പെടുത്തുന്നുവെന്നും പവാര്‍ പറയുന്നു.

അഞ്ച് വര്‍ഷം അധികാരത്തിലിരുന്നിട്ടും മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന് ശരദ് പവാര്‍ ആരോപിച്ചു. മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ റാലികളില്‍ തന്റെ പേര് പരാമര്‍ശിച്ചെന്നു പറഞ്ഞ പവാര്‍ ബരാമതിയില്‍ ബിജെപി നേതാക്കള്‍ എന്തിനാണ് കൂട്ടമായി എത്തുന്നതെന്നും ചോദിച്ചു.

പൂനെയില്‍ ബിജെപിയുടെ പൊതുപരിപാടിയില്‍ പവാറിനെ പരാമര്‍ശിച്ച് മോദി പ്രസംഗം നടത്തിയിരുന്നു. യുപിഎ സര്‍ക്കാറിലെ മന്ത്രി ആയിരുന്ന ശരദ് പവാര്‍ ഗുജറാത്തുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരുന്നെന്നായിരുന്നു മോദിയുടെ പരാമര്‍ശം.

ഇത്തവണ സുപ്രിയയെ പരാജയപ്പെടുത്തി മണ്ഡലം ബിജെപി പിടിച്ചെടുക്കുമെന്ന് അമിത് ഷാ വെല്ലുവിളിച്ച സാഹചര്യത്തിലാണ് പവാറിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. നേരത്തെ ബിജെപി അധികാരത്തിലെത്തില്ലെന്നായിരുന്നു ശരദ് പവാര്‍ പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും എന്നാല്‍ മോദി പ്രധാനമന്ത്രിയായി എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.