ജമ്മു കശ്മീർ നേതാവ് ഷാ ഫൈസലിനെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞു; ശ്രീനഗറിൽ വീട്ടുതടങ്കൽ

 

കശ്മീർ നേതാവും മുൻ ഐ‌.എ‌.എസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസലിനെ ബുധനാഴ്ച രാവിലെ ഡൽഹി വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്ത് ശ്രീനഗറിലേക്ക് കൊണ്ടുപോയതായി റിപ്പോർട്ട്.

ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനായ ഫൈസലിനെ ബുധനാഴ്ച പുലർച്ചെ 5.30 ഓടെ രാജ്യത്തിന് പുറത്തേക്ക് പോകുന്നതിൽ നിന്നും തടയുകയായിരുന്നു.

കസ്റ്റഡിയിലെടുക്കുമ്പോൾ ഫൈസൽ ഹാർവാഡിലേക്കുള്ള യാത്രക്കായി വിമാനത്തിൽ കയറാൻ തുടങ്ങുകയായിരുന്നു. പിന്നീട് ഫൈസലിനെ മറ്റ് രാഷ്ട്രീയക്കാർക്കൊപ്പം ശ്രീനഗറിൽ തടങ്കലിൽ പാർപ്പിച്ചു എന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇസ്താംബൂളിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

അതേസമയം അറസ്റ്റിനെ കുറിച്ച് ഒരു വിവരവും തങ്ങളുടെ പക്കലില്ലെന്നാണ് ഡൽഹി വിമാനത്താവളം ഡി.സി.പി സഞ്ജയ് ഭാട്ടിയയുടെ ഭാഷ്യം.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഷാ ഫൈസൽ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു.