എസ് ദുര്‍ഗയുടെ ഗോവയിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍

ഗോവ രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കാന്‍ മണിക്കൂര്‍ മാത്രം ശേഷിക്കെ സനല്‍കുമാര്‍ ശശിധരന്റെ   മലയാള ചലച്ചിത്രം എസ് ദുര്‍ഗയുടെ പ്രദര്‍ശനം സംശയത്തിന്റെ നിഴലില്‍. ചിത്രത്തിന്റെ പ്രദര്‍ശനം കോടതിയുടെ പരിഗണനയിലാണെന്ന് ജൂറി ചെയര്‍മാന്‍ രാഹുല്‍ റാവല്‍ പറഞ്ഞു. കേരള ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചിത്രം കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിങ്കളാഴ്ച വൈകിട്ടാണു ജൂറി അംഗങ്ങള്‍ക്കുവേണ്ടി ചിത്രം പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് ജൂറി അംഗങ്ങളും ഐഎഫ്എഫ്ഐ ഡയറക്ടറും അടച്ചിട്ട മുറിയില്‍ 6.30 മുതല്‍ 9.30 വരെ ചര്‍ച്ച നടത്തി. ഈ യോഗത്തില്‍ എടുത്ത ജൂറിയുടെ തീരുമാനം കേന്ദ്രത്തെ അറിയിക്കും. തുടര്‍ന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കോടതിക്കു റിപ്പോര്‍ട്ട് നല്‍കും. അതിനുശേഷമേ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു സംബന്ധിച്ചു മറ്റു കാര്യങ്ങള്‍ പറയാനാകൂവെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ മേള ഇന്ന് സമീപിക്കാതിരിക്കെ ഇത്രയും നടപടികള്‍ ചുരുങ്ങിയ സമയത്തില്‍ നടക്കുന്നതിനുള്ള സാധ്യത കുറവാണ്. ചിത്രത്തിന്റെ പ്രദര്‍ശനം കാത്ത് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഗോവയിലുണ്ട്.

ജൂറി തീരുമാനം മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ എസ് ദുര്‍ഗ, ന്യൂഡ് എന്നീ ചിത്രങ്ങള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നേരത്തേ ജൂറി ചെയര്‍മാന്‍ സുജോയ് ഘോഷ് അടക്കം മൂന്നു ജൂറി അംഗങ്ങള്‍ രാജിവച്ചിരുന്നു. കേന്ദ്ര നടപടിക്കെതിരെ സംവിധായകന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പകര്‍പ്പും സെന്‍സര്‍ പകര്‍പ്പും മേളയുടെ അധികൃതര്‍ക്ക് നേരിട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഏതു വിധേനയും ചിത്രത്തിന്റെ പ്ദര്‍ശനം തടയാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്.