സര്‍ക്കാരിന് തിരിച്ചടി, അംഗങ്ങള്‍ വിചാരണ നേരിടണം; നിയമസഭാ കൈയാങ്കളിയില്‍ സുപ്രീംകോടതി

നിയസഭാ കയ്യാങ്കളി വിഷയത്തില്‍ വി ശിവന്‍കുട്ടി, കെ ടി ജലീല്‍, ഇ പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, സി കെ സദാശിവന്‍, കെ അജിത് തുടങ്ങിയ എംഎല്‍എമാര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ബി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. പരിരക്ഷ ജനപ്രതിനിധി എന്ന നിലയില്‍ മാത്രമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഏഴുമിനിറ്റ് കൊണ്ടാണ് കേസിലെ വിധി പ്രസ്താവം നടന്നത്.

സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ള പരിരക്ഷയല്ലെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി. പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയില്‍ മാത്രമാണ്. 184-ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നടപടി തെറ്റാണ്. എം.എല്‍.എമാരുടെ നടപടികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിപക്ഷ പ്രയോജനപ്പെടുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.

കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരും ആറ് ഇടത് നേതാക്കളും നല്‍കിയ അപ്പീല്‍ ഹരജിയിലാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബഞ്ച് വിധി പറയുന്നത്. നേരത്തെ രണ്ട് തവണ ഹരജി പരിഗണിച്ചപ്പോഴും സംസ്ഥാന സര്‍ക്കാറിനെ കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാറുള്‍പ്പെടെ ഹരജി നല്‍കിയിട്ടും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്ന നടപടിയിലേക്ക് പോലും കോടതി കടന്നിരുന്നില്ല. രണ്ട് തവണയായി വിശദമായി ഹരജിക്കാരുടെ വാദം കേട്ട കോടതി രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ചിരുന്നത്.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിലെ വസ്തുക്കള്‍ തല്ലിത്തകര്‍ക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളതെന്നും അതില്‍ എന്ത് പൊതുതാല്‍പര്യമാണെന്നും അടക്കമുള്ള രൂക്ഷ പരാമര്‍ശനങ്ങള്‍ കേസ് പരിഗണിക്കവെ സുപ്രീംകോടതിയില്‍ നിന്ന് വന്നിരുന്നു. എം.എല്‍.എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. എം.എല്‍.എമാര്‍ക്ക് നിയമസഭക്കുള്ളില്‍ പ്രതിഷേധിക്കാന്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്നും കേസെടുത്തത് സ്പീക്കറുടെ അനുമതി ഇല്ലാതെയാണെന്നതുമടക്കമുള്ള വാദങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരുന്നത്. പിന്‍വലിക്കല്‍ ആവശ്യത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നല്‍കിയ തടസ ഹര്‍ജിയും കോടതിയിലെത്തിയിരുന്നു.